
വിതുര:പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവർ സാനിറ്റോറിയത്തിൽ പുതുതായി ഏർപ്പെടുത്തിയ വിവിധ വികസനപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. നാലരവർഷത്തിനിടെ കേരളത്തിന്റെ ടൂറിസം രംഗത്തുണ്ടായത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാരണം 25,000 കോടിയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. ടൂറിസം രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനു മുന്നോടിയായുള്ള മന്ദതയായി കൊവിഡിനെ കണ്ടാൽമതിയെന്നും സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ടൂറിസം ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നാലരവർഷക്കാലമാണ് കടന്നുപോയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 2.08 കോടി രൂപ ചെലവഴിച്ചാണ് ലോവർ സാനിറ്റോറിയത്തിൽ നവീകരണ പ്രവർത്തനം നടത്തിയത്. ഡി.കെ. മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, പൊൻമുടി വാർഡ് മെമ്പർ ജിഷ,ടൂറിസം സെക്രട്ടറി റാണി ജോർജ്,ഡയറക്ടർ പി.ബാലകിരൺ എന്നിവർ സംബന്ധിച്ചു.