
പഴയങ്ങാടി: സംസ്ഥാനത്തെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുത്പാദന കേന്ദ്രം മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിൽ അനുവദിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. 5 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പുതിയങ്ങാടി ഫിഷറീസ് ഓഫീസ് കെട്ടിടത്തിന് സമീപത്തായി നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം 28 ന് രാവിലെ 11.30 ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നിർവഹിക്കും.
മത്സ്യ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മത്സ്യോത്പാദന വർദ്ധനവിനായി ജലകൃഷിക്ക് പ്രാധാന്യം നൽകി ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടേയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. ഗുണമേന്മയുള്ള മത്സ്യവിത്ത് കർഷകർക്ക് ആവശ്യാനുസരണം ലഭിക്കാത്ത പ്രശ്നമുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നോ ജലാശയങ്ങളിൽ നിന്ന് നേരിട്ടോ ആണ് കർഷകർക്ക് നിലവിൽ ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കർഷകർക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടൽ മത്സ്യങ്ങളുടെ വിത്തുത്പാദനത്തിനും ഗുണമേന്മയുള്ള മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടി കേന്ദ്രീകരിച്ച് കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുത്പാദന കേന്ദ്രം സ്ഥാപിക്കുന്നത്.
സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർവഹിക്കും. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.