പാലോട്: ദീപാവലി മുന്നിൽ കണ്ട് പടക്ക നിർമ്മാണ മേഖല സജീവമാകുന്നു. കൊവിഡ് കാലത്ത് ഏറെ ദുരിതം അനുഭവിച്ചെങ്കിലും അതിനെല്ലാം വിരാമമിട്ട് ഏറെ പ്രതീക്ഷയിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ പടക്ക നിർമ്മാണ ഗ്രാമമായ നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി, ആലംപാറ, പുലിയൂർ മേഖലയിലെ പടക്കനിർമ്മാണ തൊഴിലാളികൾ തയ്യാറായിരിക്കുന്നത്. കൊവിഡ് ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പടക്ക നിർമ്മാണം. ദീപാവലി കൂടാതെ പടക്ക നിർമ്മാണത്തിൽ കൂടുതൽ വിറ്റുവരവുള്ള സീസണായ ഉത്സവ സീസൺ ഇത്തവണ കൊവിഡ് കാരണം മുടങ്ങിയിരുന്നു. ഉപജീവനത്തിന് വകയില്ലാതെ പടക്കനിർമ്മാണ തൊഴിലാളികൾ മറ്റ് ജോലിക്കുപോയിരുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ വരുന്ന ദീപാവലിയോടെ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ജില്ലയിലെ പടക്ക വിപണിയിലെ മുക്കാൽ പങ്കും എത്തുന്നത് നന്ദിയോട്ടെ പടക്കമേഖലയിൽ നിന്നാണ്. പടക്ക നിർമ്മാണത്തിനായുള്ള പനയോല എത്തുന്നത് ശിവകാശിയിൽ നിന്നാണ്. ഒരു ലോഡ് പനയോല പടക്കനിർമ്മാണ കേന്ദ്രത്തിലെത്തുമ്പോൾ അറുപത്തിഅയ്യായാരിത്തോളം രൂപയാണ് ചെലവ്. പടക്കനിർമ്മാണത്തിനായുള്ള വെടിമരുന്നെത്തുന്നതും ശിവകാശിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമാണ്. കൊവിഡിൽ തകർന്ന പടക്ക നിർമ്മാണ മേഖല ദീപാവലിയോടെ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പടക്ക നിർമ്മാണ തൊഴിലാളികൾക്കോ ലൈസൻസികൾക്കോ നിലവിൽ ക്ഷേമനിധിയോ ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല. പതിനഞ്ചോളം ലൈസൻസികൾക്ക് കീഴിൽ നിരവധി തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. പെൺകുട്ടികളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ബാങ്ക് ലോൺ തിരിച്ചടവ് തുടങ്ങി മുന്നോട്ടുള്ള ജീവിതത്തിനും തൊഴിലാളികളുടെ ആശ്രയം ദീപാവലി നാളിലെ പടക്കക്കച്ചവടമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ജീവിതം നരകതുല്യമായ നാളുകളിലെ സകല വിഷമതകളും മാറുന്ന ദിനമാകട്ടെ ദീപാവലി എന്ന പ്രതീക്ഷയിലാണ് ആലംപാറ ഗ്രാമം.
ആശങ്കകളേറെ
മാറി മാറി വരുന്ന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടും ഈ മേഖലയെ സംരക്ഷിക്കാൻ നടപടിയുണ്ടാകാത്തത് തൊഴിലാളികളെ ഏറെ അലട്ടുന്നുണ്ട്. കൂടാതെ ആരാധനാലയങ്ങളിൽ വെടിക്കെട്ടുകൾ നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ നൽകി പടക്ക നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പടക്ക നിർമ്മാണത്തിന് ആവശ്യമായ ഒരു ലോഡ് പനയോല ശിവകാശിയിൽ നിന്നും പടക്ക നിർമ്മാണ കേന്ദ്രത്തിലെത്തുന്നതിനുള്ള ചെലവ് - 65000 രൂപ
പ്രശ്നങ്ങൾ
കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്ര ഉത്സവങ്ങൾ ഉപേക്ഷിച്ചത് തിരിച്ചടിയായി
ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിലുള്ള കർശന നിയന്ത്രണങ്ങൾ
പടക്ക നിർമ്മാണ തൊഴിലാളികൾക്കോ ലൈസൻസികൾക്കോ നിലവിൽ ക്ഷേമനിധിയോ, ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല
പ്രതികരണം
നന്ദിയോടിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിൽ ഒരു പങ്ക് വഹിക്കുന്നത് പടക്കമേഖലയിലെ ലൈസൻസികളും തൊഴിലാളികളുമാണ്. കൊവിഡിനെ തുടർന്ന് നിശ്ചലമായ പടക്ക വിപണി ദീപാവലിയോടെ ഉണരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
സുനിലാൽ, ശിവാ ഫയർ വർക്സ്.
പാലുവള്ളി