
കിളിമാനൂർ: തൊട്ടാൽ പൊള്ളും പച്ചക്കറി. വില ദിനംപ്രതി കുതിക്കുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ഇരട്ടിയിലധികമായിരിക്കുകയാണ് പച്ചക്കറി വില ഇപ്പോൾ. കാരറ്റിനാണു പൊള്ളുന്ന വില. കിലോയ്ക്ക് 40ൽ താഴെ നിന്നിരുന്ന കാരറ്റ് വില മൂന്നു മാസമായി 100 രൂപയിൽ എത്തിയിരിക്കുന്നു. ഉരുളക്കിഴങ്ങാണ് മറ്റൊന്ന്.
തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായി എത്തുന്നത്. കൊവിഡും ക്വാറന്റൈനും ഒക്കെയായി പകുതിയിലേറെപ്പേർ കാർഷിക മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലും ഇതര സംസ്ഥാനങ്ങളിലും ഉണ്ടായ മഴയും കൃഷിനാശവും പച്ചക്കറിയുടെ ലഭ്യത കുറച്ചു. വെളുത്തുള്ളിക്ക് മാസങ്ങളായി 140 രൂപയാണ്. ഒരു മാസം മുൻപ് വരെ 5 കിലോ സവാള 100 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോൾ കിലോയ്ക്ക് 90 - 100 രൂപ വരെയായിട്ടുണ്ട്. തമിഴ്നാട്ടിലെ ഹോൾസെയിൽ മാർക്കറ്റുകളിലും വില വർദ്ധനയുണ്ടായിട്ടുണ്ട്. കൊവിഡിനെ തുടർന്ന് പലയിടത്തും പച്ചക്കറി കൃഷി കുറഞ്ഞു. കൃഷി പണികൾക്കും വിളവെടുക്കാനുമൊക്കെ ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയായി. കനത്ത മഴയും കാറ്റുമൊക്കെ കാരണം തമിഴ്നാട്ടിൽ പച്ചക്കറി കൃഷി നശിച്ചു. കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ പച്ചക്കറി വരവ് കുറഞ്ഞിരിക്കുകയാണ്. 40 മുതൽ 80 രൂപ വരെ വില വർദ്ധിക്കുന്നത് ഇതു ആദ്യമായിട്ടാണ്.ൽ വീണ്ടും വില കൂടാനാണ് സാദ്ധ്യത.