
തിരുവനന്തപുരം: കെ.എം.മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് തന്റെ ഇടതു മുന്നണി പ്രവേശനമെന്ന ജോസ് കെ. മാണിയുടെ അവകാശവാദം മാണിസാറിനോടുള്ള അവഹേളനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.മാണിസാറിനെ സി.പി.എം നിർദ്ദയം വേട്ടയാടിയത് ജോസ് കെ. മാണി മറന്നാലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ മറക്കില്ല, പൊറുക്കില്ല.ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ആരോപണത്തെ തുടർന്ന് നിയമസഭയിലും പുറത്തും മാണിസാറിനെതിരെ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപറത്തി സി.പി.എം. സമരം നടത്തി. മറ്റാരെങ്കിലും ബഡ്‌ജറ്റ് അവതരിപ്പിച്ചാൽ സഹകരിക്കാമെന്ന പിണറായി വിജയന്റെ നിർദ്ദേശം തള്ളി മാണിസാർ തന്നെ ബഡ്‌ജറ്റ് അവതരിപ്പിച്ചപ്പോൾ ഒരു നിയമസഭയിലും ഉണ്ടായിട്ടില്ലാത്ത ആഭാസ നാടകങ്ങളും സ്പീക്കറുടെ വേദിയിൽ താണ്ഡവ നൃത്തവുമാണ് പ്രതിപക്ഷം നടത്തിയത്.കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയുള്ള ആളെന്നാണ് മാണിയെ കോടിയേരി വിശേഷിപ്പിച്ചത്. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ പോകുമെന്നാണ് വി.എസ്. അച്യുതാന്ദൻ പറഞ്ഞത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പ്രചരിപ്പിച്ചു. ഇതെല്ലാം മറന്ന് നിസാര സംഭവങ്ങൾ ഊതിപ്പെരുപ്പിച്ച് സി.പി.എം. പാളയത്തിൽ എത്തിയ ജോസ് കെ. മാണി കേരള കോൺഗ്രസ് അണികളോട് മറുപടി പറയേണ്ടി വരും.കേരള കോൺഗ്രസിനൊപ്പം നിന്ന ജനങ്ങളുടെ ഏതു താല്പര്യമാണ് പിണറായി ഭരണം അംഗീകരിച്ചതെന്ന് വ്യക്തമാക്കണം. മാണി സാറിന്റെ കാരുണ്യ ചികിത്സാ പദ്ധതിയെ കൊന്നതാണോ അംഗീകാരം? മാണിസാർ പ്രഖ്യാപിച്ച റബർവില സ്ഥിരതാ പദ്ധതിക്ക് 2015ൽ നിശ്ചയിച്ച 150 രൂപ കൂട്ടണമെന്ന് നിയമസഭയിൽ മാണിസാറും യു.ഡി.എഫ്. എം.എൽ.എമാരും പലതവണ ആവശ്യപ്പെട്ടിട്ടും നാല് കൊല്ലമായി ഒരു പൈസ പോലും കൂട്ടാത്തതാണോ ബഹുമതി?കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് അന്ന് ലോകസഭാംഗമായിരുന്ന ജോസ് കെ. മാണിക്ക് നൽകിയത് മാണിസാറിനായി കോൺഗ്രസ് നടത്തിയ വലിയ വിട്ടുവീഴ്ചയായിരുന്നു. ജോസ് കെ.മാണി രാജിവച്ച രാജ്യസഭാ സീറ്റ് സി.പി.എം ഏറ്റെടുക്കുമെന്ന വാർത്ത ജോസ് വിഭാഗത്തിന് എൽ.ഡി.എഫിലുണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ആദ്യാനുഭവം ആയിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.