krishibhavan

വക്കം: അധികൃതരുടെ അവഗണനയിൽ ഒരു കൃഷിഭവൻ. വക്കം കൃഷിഭവനാണ് അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി അവഗണന നേരിടുന്നത്. അസൗകര്യങ്ങൾ നിരവധിയാണെങ്കിലും കൃഷിഭവൻ കാഴ്ചവയ്ക്കുന്നത് മികച്ച പ്രവർത്തനങ്ങളാണ്.

വക്കത്ത് കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാനും അത് ജനങ്ങളിൽ എത്തിക്കാൻ ഒരു വിപണന കേന്ദ്രവും കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിത്യവും 50 കിലോ ജൈവ പച്ചക്കറിയുടെ ശേഖരവും വിപണനം നടക്കുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന കൃഷിഭവന്റെ പ്രവർത്തനം ഒരു കുടുസുമുറിയിൽ മാത്രം. കൃഷി ഓഫീസർ അടക്കം നാലു ജീവനക്കാരുണ്ട് ഇവിടെ.

സർക്കാർ നൽകുന്ന കാർഷികോത്പന്നങ്ങളുടെ തൈകളുടെ സംഭരണത്തിനും, വിതരണത്തിനുമായി പുറത്തൊരു താത്കാലിക ഷെഡുമുണ്ട്. ഇതുതന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. കൃഷിഭവന്റെ ഒരു ഭാഗം മറച്ചാണ് കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രവർത്തനവും. മിക്കപ്പോഴും വിതരണത്തിന് എത്തുന്ന തൈകൾ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതിനെല്ലാം പരിഹാരം കണേണ്ടത് ഗ്രാമപഞ്ചായത്താണ്. നിലവിലെ സാഹചര്യത്തിൽ കൃഷിഭവൻ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയില്ല. പകരം കൃഷിഭവനോട് ചേർന്നുള്ള കാർഷിക വിപണന കേന്ദ്രം മറ്റെവിടെയെങ്കിലും മാറ്റണം. അതോടെ കൃഷിഭവന് പ്രവർത്തിക്കാൻ കൂടുതൽ ഇടം കിട്ടും. കാർഷിക വിതരണ കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റിയാൽ കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിന് പുറമേ കർഷകർക്കാവശ്യമായ തൈകളും, വിത്തുകളും, കാർഷികോപകരണങ്ങളുടെ വിപണന സംവിധാനവും ഒരുക്കാൻ കഴിയും. അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങൾ കണക്കാക്കാതെയുള്ള പ്രവർത്തനങ്ങളാണ് കൃഷി ഭവൻ ജീവനക്കാരുടേതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.