
തിരുവനന്തപുരം: സവാള വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി ഹോർട്ടികോർപ്പ്. ദേശീയ കാർഷിക സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്) വഴി ഇറക്കുമതി ചെയ്ത 25 ലോഡ് സവാള ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് എത്തിച്ച 25 ടൺ സവാള വിവിധ ജില്ലകളിലുള്ള ഹോർട്ടികോർപ്പ് ചില്ലറ വിൽപന ശാലകളിലേക്ക് ഇന്നലെ രാവിലെയോടെ എത്തിച്ചു. കിലോയ്ക്ക് 45 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരാൾക്ക് ഒരു ദിവസം ഒരു കിലോ സവാള മാത്രമേ ഹോർട്ടികോർപ്പ് നൽകൂ. ഈ ആഴ്ച തന്നെ കൂടുതൽ സവാള എത്തിച്ച് പരമാവധി ഇടങ്ങളിൽ കൂടുതൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ഉളളി, വെളുത്തുളളി, കാരറ്റ് തുടങ്ങി വിലക്കയറ്റമുണ്ടായ മറ്റ് പച്ചക്കറികളുടെയും വില പിടിച്ചുനിർത്താൻ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഹോർട്ടികോർപ്പ് ഓർഡർ നൽകിയതനുസരിച്ചാണ് നാഫെഡ് വഴി 200 ടൺ സവാള മഹാരാഷ്ട്രയിൽ നിന്ന് എത്തിക്കുന്നത്. ആദ്യഘട്ടത്തിലെ 75 ടണ്ണിൽ നിന്ന് 25 ടൺ സവാളയാണ് ഇന്നലെ എത്തിയത്.
സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യമാകെ വില ഉയരുകയാണ്. കേന്ദ്രം കയറ്റുമതി നിരോധിക്കുകയും വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ആരംഭിക്കുകയും ചെയ്തിട്ടും വില താഴുന്നില്ല. മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴ മൂലം വിളയും ശേഖരവും നശിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. രാജ്യത്തെ സവാള ഉത്പാദനത്തിന്റെ 60 ശതമാനം നടക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ 65,000 ഹെക്ടറിലെ വിളവിൽ പകുതിയും ശേഖരത്തിലെ ഒരു ഭാഗവും നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ നാസിക് ലസൽഗാവിൽ വില കിലോഗ്രാമിന് 70 രൂപയെത്തി. ചില്ലറവില 80 രൂപ. ദിവസവും 10 രൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും വില കൂടുന്നത്. രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയായി. ഈ വർഷം ആദ്യമുണ്ടായ സവാള വില വർദ്ധനവും നാഫെഡ് വഴി ഇറക്കുമതി നടത്തിയാണ് പരിഹരിച്ചത്. വില പിടിച്ചുനിർത്താനായി ഇറക്കുമതി വർദ്ധിപ്പിക്കുകയാണ് സർക്കാർ. ഇറാൻ, ഈജിപ്റ്റ് രാജ്യങ്ങളിൽ നിന്ന് 2,000 ടൺ വിദേശ സവാള ബുധനാഴ്ച മുംബയ് ജെ.എൻ.പി.ടി തുറമുഖത്ത് എത്തി. 2,900 ടൺ മൂന്നു ദിവസത്തിനകം എത്തും.