
കാട്ടാക്കട: ഇറിഗേഷൻ കനാൽ പാലത്തിന്റെ നിർമ്മാണം വൈകുന്നതിനാൽ ആനാകോട് മഠം അരങ്ങനാശേരിക്കാർ യാത്രാദുരിതത്തിൽ. കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ഇവിടത്തെ ജനങ്ങൾക്ക് കാർഷിക വിഭവങ്ങൾ ചന്തകളിലെത്തിക്കാൻ തലച്ചുമടായി കൊണ്ടുപോകേണ്ട സ്ഥിതിയാണ്. അസുഖബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതും പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നമാണ്.
പൂവച്ചൽ പഞ്ചായത്തിലാണ് ആനാകോട് മഠം- അരങ്ങനാശേരി പ്രദേശം. ഇവിടെ 300 ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ പാലം നിർമ്മിക്കുമെന്ന പ്രഖ്യാപമുണ്ടാകും. എന്നാൽ ജയിച്ചുകഴിഞ്ഞാൽ ഇത് സൗകര്യപൂർവം മറക്കുന്ന നിലപാടാണ് എല്ലാ പാർട്ടികളും സ്വീകരിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. പാലമില്ലാത്തതിനാൽ അരങ്ങനാശേരി, ഓണംകോട്, കുട്ടിച്ചിറ, ആനാകോട് മഠം ഭാഗത്തുള്ളവർക്ക് മെയിൻ റോഡിൽ എത്തിച്ചേരാൻ രണ്ടരക്കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. അരങ്ങനാശേരി പാലത്തിനൊപ്പമാണ് മൈലോട്ടുമൂഴിയിലെ പാലത്തിന്റെ നിർമ്മാണവും അധികൃതർ പ്രഖ്യാപിച്ചത്.
മൈലോട്ടുമൂഴിയിലെ പാലം യാഥാർത്ഥ്യമായെങ്കിലും ഇറിഗേഷൻ കനാൽപാലം മാത്രം കടലാസിൽ വിശ്രമിക്കുകയാണ്. ഇതോടെ അരങ്ങനാശേരിയിലെത്തി നിൽക്കുന്ന അപ്രോച്ച് റോഡ് മറുകരയിലെത്താതെ അവസാനിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
കാര്യങ്ങൾ ഇങ്ങനെയാണ്
കാട്ടാക്കട- നെയ്യാർഡാം റോഡിൽ നിന്നും ഈ പ്രദേശത്തേക്കുള്ള വാഹന ഗതാഗതത്തിന് തടസമായിരുന്നത്
മൈലോട്ടുമൂഴിയിൽ തോടിന് കുറുകെയും ആനാകോട് മഠം- അരങ്ങനാശേരി ഭാഗത്ത് നെയ്യാർ വലതുകര കനാലിന് കുറുകെയും പാലങ്ങൾ ഇല്ലാതിരുന്നതാണ്. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ മൈലോട്ടുമൂഴിയിൽ തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് 3.14 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കാൻ തീരുമാനമായി.
എം.എൽ.എ. ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിൽ അരങ്ങനാശേരിയിലെ പാലത്തിനും നാലു വർഷം മുമ്പ് അനുമതിയായി. എന്നാൽ മൈലോട്ടുമൂഴിയിലെ പാലം യാഥാർത്ഥ്യമായെങ്കിലും കനാലിന് കുറുകെയുള്ള പാലം പണി മുടങ്ങി. കനാൽ ഇറിഗേഷന്റെതാണെന്നും പാലത്തിനായി മറ്റുഫണ്ടുകൾ ഉപയോഗിക്കാനാവില്ലെന്നുമുള്ള തടസവാദവുമായി നെയ്യാർ ഇറിഗേഷൻ വകുപ്പ് മുന്നോട്ടുവന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
പാലത്തിനായി അനുവദിച്ചത്: 30 ലക്ഷം രൂപ
നെയ്യാർ വലതുകര കനാലിന് കുറുകെ അരങ്ങനാശേരിയിൽ പാലം നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് എൻ.ഒ.സി നൽകിയിരുന്നു. കരാർ നടപടികൾക്കിടെ ഡിസൈനിൽ മാറ്റം വേണമെന്ന നിർദേശം വന്നതിനാലാണ് പാലം നിർമ്മിക്കാൻ വൈകുന്നത്.
എസ്. ജോസ്,
നെയ്യാർ ഇറിഗേഷൻ പ്രോജക്ട് അസി. എൻജിനിയർ