chenni

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ 2019-20ലെ ഓഡിറ്റിംഗ് അടിയന്തരമായി പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിന് കത്ത് നൽകി. അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞ് നിയമവിരുദ്ധ ഉത്തരവിറക്കിയ ഓഡിറ്റ് വകുപ്പ് ഡയറക്ടർക്കെതിരെ നടപടിയെടുക്കണം. തിരഞ്ഞെടുപ്പടുക്കവേ, ലൈഫ് പദ്ധതിയിലടക്കമുള്ള അഴിമതി മൂടിവയ്‌ക്കാനാണ് ഓഡിറ്റിംഗ് നിറുത്തിയത്.

കേന്ദ്രം വികസിപ്പിച്ച 'ഓഡിറ്റ് ഓൺലൈൻ" പ്ലാറ്റ്‌ഫോമിൽ നിശ്ചിത ശതമാനം പഞ്ചായത്തുകളുടെ ഓഡിറ്റിംഗ് നടത്തണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിർദ്ദേശിച്ചതിനാലാണ് നിറുത്തിയതെന്ന മന്ത്രിയുടെ ന്യായവാദം ശരിയല്ല. സംസ്ഥാനം വികസിപ്പിച്ച എ.ഐ.എം.എസ് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് നൂറു ശതമാനം ഓഡിറ്റിംഗും നടക്കുന്നത്. ഈ പ്രത്യേകത കണക്കിലെടുത്ത് കേന്ദ്ര നിബന്ധനയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി താരാ ചന്ദർ കേരളത്തിനയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ ഓഡിറ്റിംഗിന് വേണ്ടിയടക്കം നിലകൊള്ളുന്ന ധനമന്ത്രി ഓഡിറ്റ് ഡയറക്ടറെ ന്യായീകരിച്ചത് അനുചിതമാണെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.