
ശ്രീകാര്യം: സീമയുടെ കരംപിടിച്ച് ശരണ്യ 'സ്നേഹസീമ'യിലെ പടികയറി. ഇവർ സിനിമ, സീരിയൽ രംഗത്തെ പ്രിയതാരങ്ങളായ സീമാ ജി.നായരും ശരണ്യ ശശിയും.എട്ടു വർഷമായി കാൻസറിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് ശരണ്യ. സ്വന്തമായി ഒരു കൂര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിൽ നിന്നത് സീമയായിരുന്നു. അങ്ങനെ വീടിന്റെ പേര് 'സ്നേഹസീമ' എന്നായി. ഇന്നലെയായിരുന്നു ശരണ്യയും അമ്മ ഗീതയും ചുരുക്കം ചിലരും പങ്കെടുത്ത ഗൃഹപ്രവേശം.
ചെമ്പഴന്തി അണിയൂർ കട്ടച്ചൽ ക്ഷേത്രത്തിന് സമീപം മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും ഉൾപ്പെടെ 1450 ചതുരശ്രയടിയിൽ നിർമ്മിച്ച ഇരുനില വീട് ഒട്ടനവധി മലയാളികളുടെ സ്നേഹസമ്മാനമാണ്.
2012 ലാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിഞ്ഞത്. പിന്നാലെ തൈറോയ്‌ഡ് കാൻസറും. തുടർന്ന് ഇതുവരെ പത്ത് ശസ്ത്രക്രിയകൾ. സാമ്പത്തിക സ്ഥിതി തകർന്നു. ശരണ്യയെയും കൊണ്ട് അമ്മ വാടകവീടുകളിൽ നിന്നും വാടകവീടുകളിലേക്ക് നെട്ടോട്ടമായിരുന്നു. അങ്ങനെയാണ് ശരണ്യയ്ക്ക് ഒരു ഭവനം വേണമെന്ന ആഗ്രഹം സീമാ ജി. നായർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
''ലോകമെങ്ങും നിന്നുള്ള മലയാളികൾ സഹകരിച്ചു. ചാരിറ്റി കൂട്ടായ്മകളും പിന്തുണച്ചു. നാലു സെന്റ് സ്ഥലം വാങ്ങി. 1000 ചതുരശ്രയടിയുള്ള ഒരുനില വീടിന്റെ പ്ലാനാണ് വരച്ചത്. അപ്പോഴാണ് അമേരിക്കയിൽനിന്നുള്ള രണ്ടു മലയാളി കുടുംബം, കുറച്ചു കൂടി സൗകര്യമുള്ള വീട് നൽകണം എന്ന് പറഞ്ഞ് സഹായിച്ചത്. ഗോൾഡൻ ബിൽഡേഴ്‌സിലെ ബിജു കുറഞ്ഞ ചെലവിൽ നിർമ്മിച്ചു നൽകി''- സീമാ ജി. നായർ പറഞ്ഞു.
'' എന്റെ മകളുടെ രണ്ടാം ജന്മമാണ്. തുടക്കം മുതൽ സഹായവുമായി നിലകൊള്ളുന്ന സീമാ ജി. നായരും ഫിറോസ് കുന്നംപറമ്പിലും പിന്നെ മറ്റ് സുമനസുകളും ഞങ്ങളുടെ ജീവിതത്തിൽ ദൈവതുല്യരാണ്''-
ശരണ്യയുടെ അമ്മ ഗീത.
ഛോട്ടാ മുംബയിലെ മോഹൻലാലിന്റെസഹോദരി
ഛോട്ടാ മുംബയ് സിനിമയിലെ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചത് ശരണ്യയായിരുന്നു. തലപ്പാവ് ആണ് മറ്റൊരു ചിത്രം. ചന്ദനമഴ, രഹസ്യം, കറുത്തമുത്ത്, ഭാമിനി തോൽക്കാറില്ല തുടങ്ങിയവയാണ് ജനപ്രിയ സീരിയലുകൾ.
സീമാ ജി.നായർ 150തിലേറെ സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.