
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്കായി നോർക്ക തുടങ്ങിയ വ്യവസായ സംരംഭകത്വ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 4897 പേർ. റസ്റ്റോറന്റ്, ബേക്കറി, വർക്ക്ഷോപ്പ്, ഓയിൽ മിൽ, കറിപൗഡർ നിർമ്മാണം, സുഗന്ധവ്യഞ്ജന യൂണിറ്റ്, ചപ്പാത്തി നിർമ്മാണ യൂണിറ്റ്, ഫാമുകൾ, സ്പോർട്സ് ഹബ്, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് കൂടുതൽ പേർക്കും താത്പര്യം.
നിലവിൽ എംഡി പ്രേം പദ്ധതിയിൽ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അത് 50 ലക്ഷമാക്കും. നോർക്ക സബ്സിഡി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കും. ഇതിലൂടെ കൂടുതൽ പ്രവാസികൾക്ക് മികച്ച സംരംഭങ്ങൾ തുടങ്ങാനാവും. പദ്ധതിക്കായി 18 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്. ഇത് 40 കോടി രൂപയായി ഉയർത്തും.പ്രവാസികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് കെ.എഫ്.സിയുമായി നോർക്ക കരാർ ഒപ്പുവച്ചിട്ടുണ്ടെന്ന് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.