ആറ്റിങ്ങൽ: ക്വാറികളിൽ നിന്നു പാറ കൊണ്ടുപോയ ലോറികൾ പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ലോറി തൊഴിലാളികൾ റോഡ് ഉപരോധവും താലൂക്ക് ഓഫീസ് ഉപരോധവും നടത്തി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കൂടാതെ ആറ് ലോറികൾ പിടിച്ചെടുക്കുകയും, കൂട്ടം കൂടിയതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലും തുടർന്നുള്ള പ്രതിഷേധവുമാണ് സംഘർഷാവസ്ഥയ്ക്ക് കാരണം. ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നാലംഗ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. നിയമാനുസരണം പാറ കൊണ്ട് പോകുന്നതിനുള്ള പാസ് ഇല്ലാതിരുന്നതിനാലാണ് ലോറികൾ പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ ലോറിയുടെ ഉടമകൾ പിഴ അടയ്ക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. എന്നാൽ പാസ് അനുവദിക്കണ്ടത് ക്വാറികളിൽ നിന്നാണെന്നും ക്വാറികൾ പാസ് നൽകാത്തതിന് തങ്ങളുടെമേൽ കുറ്റം ചുമത്തേണ്ടെന്നും ലോറി തൊഴിലാളികൾ പറഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ലോറികൾ കൊണ്ട് ഗതാഗത തടസം സൃഷ്ടിക്കുകയും വാഹന പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
പിടിച്ചെടുത്ത ലോറികൾ ആറ്റിങ്ങൽ സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റി. സിവിൽ സ്‌റ്റേഷനിൽ സംഘടിച്ചെത്തിയ ലോറി ജീവനക്കാർ ഡെപ്യൂട്ടി തഹസിൽദാരെ വീണ്ടും തടഞ്ഞു. തൊഴിലാളികൾ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ലോറി തൊഴിലാളികളുടെ പ്രതിനിധികളുമായി റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ക്വാറികളിൽ നിന്നു പാസ് നൽകാത്തതിന് കാരണം അന്വേഷിക്കാമെന്നും ആവശ്യമെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു. പിടിച്ചെടുത്ത ലോറികൾ തിരിച്ചുനൽകാൻ കഴിയില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലോറികൾ ജിയോളജി വകുപ്പിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.