covid

തിരുവനന്തപുരം : രോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചത് തുടർച്ചയായി കുറഞ്ഞതോടെ കൊവിഡ് വ്യാപനത്തിൻെറ ശക്തി ക്ഷയിച്ചെന്ന് ആശ്വസിക്കരുതെന്നും അപകടം പതിയിരിപ്പുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികൾ വൻതോതിൽ വർദ്ധിച്ചപ്പോൾ സമൂഹം കൂടുതൽ ജാഗ്രത കാട്ടിയതിനാലാണ് എണ്ണം കുറഞ്ഞത്. എന്നാൽ ശബരിമല തീർത്ഥാടനവും തദ്ദേശതിരഞ്ഞെടുപ്പും വെല്ലുവിളിയാകും. മണ്ഡലകാലത്ത് ശബരിമലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഭക്തർ കൂട്ടമായി എത്തുമ്പോൾ നിയന്ത്രണങ്ങൾ പാളുമോയെന്ന ആശങ്കയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് പെരുമാറ്റചട്ടം കർശനമായി പാലിക്കുമോ എന്നും കാത്തിരുന്ന് കാണണം.നിയന്ത്രണങ്ങളിലെ നേരിയ പാളിച്ചപോലും രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കും.

രോഗവ്യാപനം ഒരുപോലെ കൂടുകയും കുറയുകയും ചെയ്‌ത മാസമാണിത്. ഈമാസം ഏഴിനാണ് പ്രതിദിന രോഗികൾ 10,​000 കടന്നത്. 10ന് 11,​755 രോഗികളായി. ഏറ്റവും കൂടുതൽ കേസുകൾ അന്നായിരുന്നു. 21ന് രോഗികൾ 5022 ആയി കുറ‍ഞ്ഞു. ഈ മാസം 10 മുതൽ16വരെ 64,​401 പേർ രോഗികളായപ്പോൾ 17 മുതൽ ഇന്നലെ വരെ 52,​622 പേരാണ് രോഗികളായത്. ഒരാഴ്ചക്കിടെ 11,​779 രോഗികൾ കുറഞ്ഞത് ആശ്വാസമാണ്. പരിശോധന കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമെന്ന ആക്ഷേപമുണ്ട്. ശരാശരി അരലക്ഷത്തിലേറെ പരിശോധന നടത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

മലപ്പുറത്ത് അതിവ്യാപനം

കൊവിഡ് വ്യാപനം മലപ്പുറത്ത് രൂക്ഷമാകുന്നു. ഒരാഴ്ചത്തെ കണക്കിൽ സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി - ഈ മാസം 12 മുതലുള്ള ഒരാഴ്ചയിൽ 31.6 %. സംസ്ഥാന ശരാശരി 15 %.

വരും ദിവസങ്ങളിൽ മലപ്പുറത്തും സമീപ ജില്ലകളിലും സ്ഥിതി ആശങ്കാജനകമാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തൃശൂർ, കോഴിക്കോട്,ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലും പോസിറ്റിവിറ്റി സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.

കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് 57,112 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 158 പേർ മരിച്ചു.