വെള്ളറട: കേരള - തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിലെ ഗതാഗതക്കുരുക്കഴിയാൻ ജനം ഇനിയും കാത്തിരിക്കണം. പ്രശ്നപരിഹാരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ മാത്രം ഇനിയും അകലെയാണ്. അപകടങ്ങളും പതിവായതോടെ യാത്രക്കാർ ഭീതിയുടെ നടുവിലായി.
പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ മുസ്ളിം പള്ളിവരെയുള്ള ഭാഗത്തെ അനധികൃത പാർക്കിംഗാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. റോഡ് കൈയേറിയുള്ള നിർമ്മാണങ്ങൾ കൂടിയായപ്പോൾ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട്ടിൽ യാത്രക്കാർ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.
ഒരിക്കൽ പി. ഡബ്ല്യു. ഡി അധികൃതരും പൊലീസും ചേർന്ന് റോഡു കൈയേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും വീണ്ടും എല്ലാം പഴയപടിയായി. ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് വ്യാപാരികളും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
പാരയായി അനധികൃത പാർക്കിംഗ്
പനച്ചമൂട് വെയിറ്റിംഗ് ഷെഡ് മുതൽ റോഡിന്റെ ഇരുവശങ്ങളിലും ഒരു ഭാഗത്ത് ഗുഡ്സ് ഓട്ടോകളും മറുഭാഗത്ത് പാസഞ്ചർ ഓട്ടോകളും അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. ഇവിടുത്തെ റോഡിനാണെങ്കിൽ വീതിയും കുറവാണ്. സമീപത്തെ പുളിമൂട് ജംഗ്ഷൻ മുതൽ മുസ്ളീം പള്ളിവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുഭാഗങ്ങളിലും ടാക്സിയും തമിഴ്നാട് ബസുകളും പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. കാൽനട യാത്രികർക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുപോലും ഇവിടെ സാധിക്കാറില്ല. തമിഴ്നാട് ബസുകൾക്ക് സമീപത്തുതന്നെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഡിപ്പോ നിർമ്മിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ബസ് പാർക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാറില്ല.
നടപടികൾ പാളുന്നു
വെള്ളറട പൊലീസ് പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചതൊഴിച്ചാൽ പ്രശ്ന പരിഹാരത്തിന് മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കടകൾക്ക് മുന്നിലെ അനധികൃത പർക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയെങ്കിലും അതും നടപ്പിലായില്ല.