hel

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത ബൈക്ക് യാത്രക്കാരെ കൊവിഡ് വാർഡിലെ 'സമൂഹ്യ സേവകരാക്കിയാലോ", മോട്ടോർ വാഹന വകുപ്പാണ് വേറിട്ട ഈ ചിന്തയ്ക്ക് പിന്നിലുള്ളത്. ഹെൽമെറ്റില്ലാത വന്നാൽ പിഴ കൂടാതെ മൂന്നു മാസത്തേക്ക് ലൈസൻസും സസ്‌പെൻ‌ഡ് ചെയ്യാം. ഇതിന് പുറമേ സാമൂഹ്യ സേവനത്തിന് അയയ്ക്കാം. ആ വ്യവസ്ഥയിൽ പിടിച്ചാണ് ഹെൽമറ്റില്ലാതെ വിലസുന്നവരെ ആശുപത്രികളിലുൾപ്പെടെ സാമൂഹ്യ സേവനത്തിനയയ്ക്കാമെന്ന ചിന്തയുണ്ടായത്.

എറണാകുളത്തെ ഒരു ആർ.ടി.ഒ താൻ റദ്ദാക്കിയ ലൈസൻസിനെതിരായ നടപടി പിൻവലിക്കാൻ പാലിയേറ്റീവ് വാർഡിലോ ഓർത്തോ വാർഡ‌ിലോ ഒരു ദിവസം സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ചില ഉടമകളെ ആശുപത്രിയിലേക്കയച്ചിരുന്നു. പക്ഷേ തിരിച്ചടിയാകുമെന്ന് കരുതി വ്യവസ്ഥ നടപ്പാക്കാൻ ഗതാഗതമന്ത്രി പച്ചക്കൊടി കാണിച്ചിട്ടില്ല.

ശിക്ഷ ഉടനില്ല

ഇരുചക്രവാഹനം ഓടിക്കുന്ന ആളും പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്ന ശിക്ഷാനടപടി ഉടൻ നടപ്പിലാക്കില്ല. ഇത്തരക്കാരെ പിഴ അടപ്പിച്ച് ബോധവത്കരിക്കും.കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതിയിൽ പിഴയായി നിശ്ചയിച്ചിരുന്ന 1000 രൂപ സംസ്ഥാനം 500 ആക്കി കുറച്ചിരുന്നു. എന്നാൽ ലൈസൻസ് മൂന്നുമാസം സസ്‌പെൻഡ് ചെയ്യാനും സമൂഹ്യസേവനത്തിനുമുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. നിയമം നടപ്പിലാക്കിയപ്പോൾ തന്നെ പിഴസംഖ്യ കുത്തനെ ഉയർന്നിരുന്നു. ഇതിനെതിരെ വ്യപാക പ്രതിഷേധവുമുണ്ട്. അതുകൊണ്ട് വ്യാപക പരിശോധയ്‌ക്കുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടില്ല. തിരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ കടുത്ത വാഹന പരിശോധന സർക്കാരിനെതിരായ വികാരമുക്കുമന്നും പറയപ്പെടുന്നു.

ഭീതിക്കിടയിലും പരിശോധന

കൊവിഡ് വ്യാപനം തുടരുമ്പോഴും കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നതിൽ വാഹനം ഓടിക്കുന്നവർക്കും പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്. ലോക്ക് ഡൗണിൽ മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരുന്ന പിഴ തുകയിൽ സാരമായ കുറവുണ്ടായിരുന്നു. അതു നികത്തുകയെന്ന ലക്ഷ്യവും ഇപ്പോഴുണ്ട്. കഴിഞ്ഞ വർഷം 120 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.