
നെടുമങ്ങാട്: പൂവത്തൂർ സ്വദേശി ജയചന്ദ്രനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂവത്തൂർ ടവർ ജംഗ്ഷനു സമീപം കുഞ്ചുവീട്ടിൽ കെ. ബിജു (40), ഇരിഞ്ചയം ഇടവിളാകത്തു വീട്ടിൽ കെ. ദീപു (36) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു. ജയചന്ദ്രന്റെ ഭാര്യാസഹോദരനാണ് ബിജു. ഇവർ തമ്മിലുള്ള വസ്‌തു തർക്കം പരാതിപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ജയചന്ദ്രന്റെ മകൾ വീടുവിട്ടുപോയതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. 21ന് രാത്രി 2ഓടെ ബിജുവും കൂട്ടുകാരനായ ദീപുവും വീട്ടിൽ ഉറങ്ങിക്കിടന്ന ജയചന്ദ്രനെ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയചന്ദ്രനെ ഇരുമ്പ് ചങ്ങലകൊണ്ട് ഇവർ അടിച്ചുവീഴ്‌ത്തുകയായിരുന്നു. സംഭവദിവസം രാത്രി 9.30ന് ജയചന്ദ്രന്റെ ഭാര്യയുടെ ബന്ധു പേരൂർക്കട സ്വദേശി ദീപക്കിനെയും അമ്മയെയും വീട്ടിൽ കയറി വെട്ടിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സി.ഐ വി. രാജേഷ് കുമാർ, എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബുദീൻ, വേണു, പ്രൊബേഷണൽ എസ്.ഐ അനന്തകൃഷ്ണൻ, എ.എസ്.ഐ ഹസൻ, സി.പി.ഒമാരായ സനൽരാജ്, വിനു, സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.