df

വർക്കല: 15ാം വർഷത്തിന്റെ തിളക്കത്തിലെത്തിയ ഓടയം തിരുവമ്പാടി കടൽത്തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന ചെമ്മീൻ ഹാച്ചറി വിത്ത് ഉത്പാദനത്തിൽ കരുത്തോടെ മുന്നേറുന്നു. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള (ജലകൃഷി വികസന ഏജൻസി, അഡാക്ക്) കീഴിലാണ് ഹാച്ചറിയുടെ പ്രവർത്തനം. കാര ചെമ്മീൻ, നാരൻ ചെമ്മീൻ, ആറ്റുകൊഞ്ച്,എന്നീ മൂന്നിനം ചെമ്മീൻ മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മണ്ണ്, വെള്ളം, മത്സ്യരോഗങ്ങൾ, തീറ്റയുടെ ഗുണനിലവാരം,​ മലിനമാക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനമായ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും. തിരുവമ്പാടി കടലിൽ നിന്നും ഫ്ലെക്‌സിബിൾ ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിച്ച് ഹാച്ചറിയിലെ പ്രത്യേക ടാങ്കുകളിലെത്തിച്ച ശേഷം വിവിധ ജല ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. രാജീവ്ഗാന്ധി സെന്റർ ഫോർ അക്വാട്ടിക് ബയോളജി (ആർ.ജി.സി.എ) വിഭാഗത്തിന്റെെ സാങ്കേതിക സഹായത്തോടെ ഞണ്ട് ഹാച്ചറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഫിഷറീസ് വകുപ്പിന്റെ അതിനൂതന മത്സ്യകൃഷി സംരംഭവും ജില്ലയിലെ മത്സ്യ കർഷകർക്ക് നേരിട്ട് പരിശീലനം, മത്സ്യക്കൃഷി പരിപാലനം, കൃഷിരീതി, ബോധവത്കരണം എന്നിവയ്‌ക്കായി ബയോ ഫ്ലോക്ക് യൂണിറ്റും ഇവിടെ പ്രവർത്തനസജ്ജമാണ്.

പ്രവർത്തനം ഇങ്ങനെ
--------------------------------------------

പ്രത്യേകം തയ്യാറാക്കിയ 68 ടാങ്കുകളിലാണ് ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നത്. ചെമ്മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനായി തള്ള ചെമ്മീനുകളെ നീണ്ടകര ഹാർബറിൽ നിന്നാണ് ശേഖരിച്ച് ഹാച്ചറിയിലെത്തിക്കുന്നത്. ഗുണനിലവാരമുള്ള തള്ള ചെമ്മീനുകളെ ഹാച്ചറിയുടെ പ്ലാൻറ്റിലെത്തിച്ച ശേഷം പ്രജനനത്തിന് ശേഷം 4 ലാർവ ഘട്ടങ്ങൾ കഴിഞ്ഞുള്ള പോസ്റ്റ് ലാർവ ഘട്ടം 20 ആകുന്നതോടെ രോഗാണുമുക്തമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കർഷകർക്ക് ചെമ്മീൻ നൽകുന്നത്. 1 വർഷം 48,000 ഓരുജല മത്സ്യങ്ങളെയും ഇവിടെ നിന്നും കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതുവഴി ശരാശരി പ്രതിവർഷം 4,​80 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. 8 രൂപ മുതൽ 12 രൂപ വരെ നിരക്കിലാണ് ഓരുജല മത്സ്യങ്ങളെ കർഷകർക്ക് വിതരണം ചെയ്യുന്നത്.

ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനം
--------------------------------------------------------

2016 - 17- ( 56.62 ലക്ഷം)

2017- 18-(95. 56 ലക്ഷം)

2018- 19- ( 55. 07 ലക്ഷം)

2019- 20- (81. 75 ലക്ഷം)

2020-21-( ഒക്ടോബർ വരെ 60 ലക്ഷം )

വില്പനയിലൂടെ ലഭിച്ച ലാഭം
-------------------------------------------------

2014-15 - ( 10 ലക്ഷം)

2015-16-(11.46 ലക്ഷം)

2016-17-(3.06 ലക്ഷം)

2017-18(14 ലക്ഷം)

2018-19(6.57 ലക്ഷം)

2019-20(16. ലക്ഷം )

2020- 21 (ഒക്ടോബർ വരെ
5 ലക്ഷം കഴിഞ്ഞു)

പ്രവർത്തനം ആരംഭിച്ചത് - 2006ൽ

 ഒരു കാര ചെമ്മീന് 60 പൈസ, നാരൻ ചെമ്മീന് 40 പൈസ,

ആറ്റുകൊഞ്ച് വിത്ത് ഒന്നിന് 1 രൂപ

'' ചെമ്മീൻ കുഞ്ഞുങ്ങളുടെ വിത്ത് ഉത്പാദനം മികച്ച രീതിയിലാണ് നടക്കുന്നത്. ഹാച്ചറിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ പുതിയ പദ്ധതികൾ ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.

( ആർ. രാധ. ഹാച്ചറി മാനേജർ, വർക്കല,
അസിസ്റ്റന്റ് ഡയറക്ടർ ഫിഷറീസ് വകുപ്പ് )