
ഡാറ്റാ ശേഖരണത്തിൽ കരുതൽ വേണമെന്ന് സ്പ്രിൻക്ളർ കമ്മിഷൻ
തിരുവനന്തപുരം: പുതിയ കാലത്ത് ഡാറ്റാ ശേഖരണത്തിൽ കരുതലെടുക്കണമെന്ന് സ്പ്രിൻക്ളർ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാരിന് മുന്നറിയിപ്പ്.
അതേ സമയം,റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ പരിഗണിക്കാൻ സാദ്ധ്യത കുറവ് പ്രളയകാലത്ത് പ്രൈസ് വാട്ടർഹൗസും കൊവിഡ് കാലത്ത് സ്പ്രിൻക്ളറും പോലുള്ള അന്താരാഷ്ട്ര ഭീമൻമാർ സേവന വാഗ്ദാനവുമായി എത്തിയപ്പോൾ കരുതലെടുത്തില്ലെന്ന ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാവും ഇതെന്നാണ് സർക്കാരിന് ആശങ്ക.
അന്താരാഷ്ട്ര തലത്തിൽ ഡാറ്റാ കച്ചവടത്തിൽ ചീത്തപ്പേരുള്ള സ്പ്രിൻക്ളർ സംസ്ഥാനത്ത് മാർച്ച്, ഏപ്രിൽ മാസത്തിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 1.81ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ സമാഹരിച്ചതായി എം.മാധവൻനമ്പ്യാരും സൈബർ വിദഗ്ധൻ ഗുൽഷൻ റായും സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇൗ വിവരങ്ങൾ സർക്കാരിന്റെയും കോടതിയുടേയും നിർദ്ദേശമനുസരിച്ച് സിഡിറ്റിന് കൈമാറിയെങ്കിലും സ്പ്രിൻക്ളർ ഇത് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ സംവിധാനമില്ലെന്ന് റിപ്പോർട്ടിലുണ്ട്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാതെ വിദേശകമ്പനിയെ ഡാറ്റാ ശേഖരിക്കാൻ ഏൽപിക്കുകയും സർക്കാർ സംവിധാനങ്ങളും ജീവനക്കാരും അതിൽ സഹകരിക്കുകയും ചെയ്തത് ഗുരതരമായ വീഴ്ചയാണെന്ന ആക്ഷേപം കേൾക്കേണ്ടിവരും.
സാധാരണ, കമ്മിഷൻ റിപ്പോർട്ടുകൾ ലഭിച്ചാൽ അതിൻമേൽ നടപടിയെടുക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കും. അവർ നൽകുന്ന റിപ്പോർട്ടനുസരിച്ച് ,വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുകയും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഏതെല്ലാം മുൻകരുതലുകളെടുക്കണമെന്ന ആക്ഷൻപ്ളാൻ സമർപ്പിക്കുകയും വേണം.സർക്കാർ അത് നടപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ സ്പ്രിൻക്ളർ കംമ്മിഷൻ റിപ്പോർട്ട് ഫലത്തിൽ സർക്കാരിനെതിരായതിനാൽ അത് അവഗണിപ്പെടാ. റിപ്പോർട്ടിൽ ഒന്നും ചെയ്തില്ലെങ്കിലും ,ജനങ്ങളുടെ അറിവിനായി പൊതുരേഖയായിപ്രസിദ്ധീകരിക്കണമെന്നാണ് ശുപാർശ.