തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിലെ നാട്ടുകാരുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. ഗംഗയാർ തോടിന്റെ നവീകരണം അടിയന്തരമായി ആരംഭിക്കാനും ശുദ്ധജലപദ്ധതി നവീകരിക്കാനും തുറമുഖ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. ഗംഗയാർ തോടിന്റെ നവീകരണ പദ്ധതിക്കായി 89 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ചെറുകിട ജലസേചനവകുപ്പ് തയ്യാറാക്കിയത്. ഈ തുക അദാനി കമ്പനിയും സർക്കാർ ഉടമസ്ഥതയിലുള്ള വിസിൽ കമ്പനിയും തുല്യമായി ജലസേചന വകുപ്പിൽ കെട്ടിവ‌യ്‌ക്കും. പദ്ധതി പ്രദേശത്തെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനായി കേടായ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ തുക വിസിൽ കമ്പനി ജല അതോറിട്ടിയിൽ കെട്ടിവയ്‌ക്കണം. ഇതിനായി 1.74 കോടിരൂപയുടെ എസ്റ്റിമേറ്രാണ് ജല അതോറിട്ടി തയ്യാറാക്കിയിരിക്കുന്നത്. പുനരധിവാസ പ്രവർത്തനം തൃപ്‌തികരമല്ലെന്നാരോപിച്ച് കോട്ടപ്പുറം ഇടവകയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന സാഹചര്യത്തിൽ സമരക്കാരുമായി തുറമുഖ വകുപ്പ് സെക്രട്ടറി 16ന് നടത്തിയ ചർച്ചയെ തുടർന്നാണ് നടപടിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ 30ന് ആരംഭിച്ച സമരം തുടരുകയാണ്.

മണ്ണെണ്ണ വിതരണം നടത്തും

പദ്ധതി പ്രദേശത്തെ 1650 ബോട്ടുകൾക്ക് സൗജന്യമായി പ്രതിദിനം മൂന്ന്, നാല്, അഞ്ച് ലിറ്റർ വീതം മണ്ണെണ്ണ പത്ത് മാസത്തേക്ക് കൂടി നൽകും. ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല.

 535 പേർക്ക് ജോലി നൽകും

വിഴിഞ്ഞം പദ്ധതി പ്രദേശത്തുള്ള മൂന്നുവാർഡുകളിലെ 535 ചെറുപ്പക്കാർക്ക് പദ്ധതി പൂർത്തിയാകുമ്പോൾ ജോലി നൽകാമെന്നും അദാനി പോർട്ട് കമ്പനി ഉറപ്പുനൽകി. ഇവർക്ക് അസാപ് വഴി വിദഗ്ദ്ധ പരിശീലനവും അദാനിയുടെ മറ്ര് പോർട്ടുകളിൽ പ്രയോഗിക പരിശീലനവും നൽകുമെന്നും തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.