വെള്ളറട: ഒന്നേകാൽ കിലോ കഞ്ചാവും മാരകായുധങ്ങളുമായി നാലുപേ‌ർ വെള്ളറട പൊലീസിന്റെ പിടിയിലായി. കിളിയൂർ കാഞ്ഞിരംകോണം വിശാഖ് ഭവനിൽ വിശാഖ് (23)​,​ അനുജൻ വൈശാഖ് (21)​,​കുറ്റിച്ചലിൽ നിന്നും ഒറ്റശേഖരമംഗലം കുരവറയിൽ വാടകയ്ക്ക് താമസിക്കുന്ന സോനു (22)​,​ മണ്ണാംകോണം തെക്കേക്കര അജി മന്ദിരത്തിൽ അഭിജിത്ത് (23)​​ എന്നിവരാണ് പിടിയിലായത്. ഇന്നലെ പാട്ടംതലയ്ക്കലിന് സമീപം നമ്പർ പ്ളേറ്റില്ലാത്ത ഒരു സ്കൂട്ടറിൽ നാലംഗസംഘം കറങ്ങിനടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ച് നാലുപേരും ഓടിയെങ്കിലും പൊലീസ് പിന്തുട‌ർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവും വടിവാളും​ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തത്. പിടിയിലായവർ കഞ്ചാവ് വില്‌പന സംഘത്തിലെ അംഗങ്ങളാണ്. ഇവർ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. വെള്ളറട സി.ഐ എം. ശ്രീകുമാർ,​ എസ്.ഐ രാജ് തിലക്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.