
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി നാട് കാത്തിരിക്കുമ്പോൾ പ്രദേശവാസികളുടെ സമരം കാരണം ഇവിടത്തെ നിർമ്മാണം നിലച്ചിട്ട് 24 ദിവസം പിന്നിടുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഉപജീവനമാർഗം നൽകുന്നതുൾപ്പെടെ 18 ആവശ്യങ്ങളുമായാണ് സമരം. തുറമുഖം കാരണം 350 മത്സ്യത്തൊഴിലാളികൾക്ക് ജോലി ഇല്ലാതാകുമെന്നാണ് കണക്ക്. എന്നാൽ 5.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചവർ 18,000.
വിവിധ നഷ്ടപരിഹാരങ്ങൾക്കായി 90 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. തൊഴിലാളികൾക്കുള്ള മണ്ണെണ്ണ - കുടിവെള്ള വിതരണം, മലിനമായ ഗംഗയാർ തോട് വൃത്തിയാക്കൽ എന്നീ പദ്ധതികൾക്കുള്ള ഉത്തരവ് ദിവസങ്ങൾക്കകം ഇറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കുടിവെള്ള പദ്ധതിക്ക് ജല അതോറിട്ടിയിലും തോട് വൃത്തിയാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിലും സർക്കാർ ഉടമസ്ഥതയിലുള്ള വിസിൽ കമ്പനി പണം കെട്ടിവയ്ക്കും. ഇതോടെ നഷ്ടപരിഹാരത്തിനും വികസനത്തിനുമായി ചെലവഴിക്കുന്ന തുക 110 കോടിയാകും. പദ്ധതി ആരംഭിക്കുമ്പോൾ 30കോടി മാത്രമാണത്രേ ഇതിനായി കണക്കാക്കിയിരുന്നത്. കരമടിക്കാർക്ക് പുറമേ മത്സ്യം ചുമക്കുന്നവർ, ചിപ്പി വാരുന്നവർ തുടങ്ങിയവർക്കൊക്കെ നഷ്ടപരിഹാരം നൽകണം.
മുറുകുന്ന സമരം
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ലെന്നാണ് സമരക്കാരുടെ നിലപാട്. 18 ആവശ്യങ്ങളും സർക്കാർ നിറവേറ്റിയാലേ സമരം നിറുത്തുകയുള്ളൂ എന്നാണ് നേതൃത്വം നൽകുന്ന ഫാ. മൈക്കിൾ തോമസ് പറയുന്നത്. സമരക്കാരുമായി തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ നടത്തിയ ചർച്ചയും വിജയിച്ചില്ല.
താലൂക്ക് ആശുപത്രി വേണം
സ്ഥലത്തെ പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കണം എന്നതാണ് മറ്രൊരാവശ്യം. അഞ്ച് കോടി ചെലവഴിച്ച് കെട്ടിടം പണിയണമെന്ന് അധികൃതർ പറയുന്നു. ഇതോടെ ജീവനക്കാരുടെ എണ്ണം 30ൽ നിന്ന് 100 ആകും. അസാപിനെ ഉപയോഗിച്ച് സ്കിൽ പാർക്കുണ്ടാക്കി 535 പേരെ വിദഗ്ദ്ധ തൊഴിൽ പഠിപ്പിച്ച് തുറമുഖത്തിലും അനുബന്ധമായുമുള്ള ജോലിക്ക് തയ്യാറാക്കാം.
തിരമാലയും പ്രശ്നം
ബ്രേക്ക് വാട്ടർ കൊണ്ടാണ് തിരകളടിച്ചുയരുന്നത് എന്നാണ് സമരക്കാരുടെ മറ്റൊരു വാദം. പക്ഷേ 3100 മീറ്രർ ബ്രേക്ക് വാട്ടറിൽ ഇതുവരെ 600 മീറ്റർ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. എന്നാൽ ബ്രേക്ക് വാട്ടറും തുറമുഖവും ഇല്ലാത്ത പൂന്തുറയിലും ചെല്ലാനത്തുമൊക്കെ ഇതേ പ്രതിഭാസമുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇത് പഠിക്കാൻ നിയോഗിച്ച പൂനെയിലെ കേന്ദ്ര ഇൻസ്റ്രിറ്റ്യൂട്ടിലെ വിദഗ്ദ്ധർക്ക് കൊവിഡ് കാരണം എത്താനായിട്ടില്ല. 2019ൽ തീരേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി പലകാരണങ്ങളാലും നീളുകയാണ്. ഇപ്പോഴത്തെ സമരം അവസാനിപ്പിക്കാൻ സർക്കാർ എന്തു നടപടിയെടുക്കും എന്നാണ് എല്ലാവരും ഉറ്രുനോക്കുന്നത്.