
വെള്ളറട: രക്ഷാപ്രവർത്തനത്തിനിടയിൽ മുങ്ങിമരിച്ച ശരത്തിന് നാടിന്റെ അന്ത്യാഞ്ജലി. പ്രളയകാലത്ത് ഉൾപ്പെടെ നിരവധിപേരുടെ ജീവൻ രക്ഷിച്ച ശരത് കഴിഞ്ഞദിവസം പമ്പയാറ്റിലെ മാടമണ്ണിൽ കാണാതായ ആൾക്കുവേണ്ടിയുള്ള തെരച്ചിലിനിടയിൽ ഫൈബർ ചങ്ങാടം മറിഞ്ഞാണ് മരിച്ചത്. മൈലച്ചൽ ആർ.ആർ ഭവനിൽ ഫയർമാനായ ശരത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മൂന്നു മണിക്കാണ് കൊണ്ടുവന്നത്.കാട്ടാക്കടയിലെത്തിച്ച മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ച് അഞ്ചു മണിയോടെ സംസ്കരിച്ചു. അഞ്ചുവർഷം മുമ്പ് ഫയർ ഫോഴ്സിൽ പ്രവേശിച്ച ശരത് നാട്ടിൽ എല്ലാപേർക്കും സഹായിയും പ്രിയപ്പെട്ടവനുമായിരുന്നു. ശരത്തിന്റെ മൃതദേഹം ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് തടിച്ചുകൂടിയത്. ഭർത്താവിന്റെ മൃതദേഹം കണ്ട ഭാര്യ അഖില യുടെയും കുടുംബംഗങ്ങളുടെയും നിലവിളി കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി. രണ്ടുവയസുകാരൻ അഥർവ് മകനാണ്.