cpm

തിരുവനന്തപുരം: ബാർ കോഴക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പേരുകൾ പറഞ്ഞിട്ടുണ്ട്. മുൻമന്ത്രി കെ. ബാബുവാണ് സൂത്രധാരനെന്ന് വ്യക്തമാക്കുന്നു. ഇതിൽ പറഞ്ഞ പേരുകാരാരും ആരോപണം നിഷേധിച്ചിട്ടില്ല. കെ.പി.സി.സിക്ക് രണ്ട് കോടിയും രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും കെ. ബാബുവിന് 50ലക്ഷവും ശിവകുമാറിന് 25ലക്ഷവും നൽകിയെന്നാണ് വെളിപ്പെടുത്തൽ.

കെ.പി.സി.സി ഓഫീസിൽ സംഭാവന നൽകിയിരിക്കാം എന്നാണ് ചെന്നിത്തല പറഞ്ഞത്. സി.പി.എമ്മിനെപോലെ കോൺഗ്രസിനും ആദായനികുതി ഇളവുണ്ട്. ആദായനികുതി വകുപ്പിന് നൽകിയ കണക്കിൽ ഈ പണവും ചെന്നിത്തലയ്ക്ക് കിട്ടിയ പണവും അതിലുൾപ്പെട്ടോയെന്ന് വ്യക്തമാക്കണം. ബിജു രമേശ് പരാതിയിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടതാണ്.

കെ.എം. മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ താൻ 10കോടി വാഗ്ദാനം ചെയ്തെന്ന ആരോണം ജോസ് കെ.മാണി നിഷേധിച്ചു. ആരോപണം പിൻവലിക്കാത്തതിനാൽ ആ പണമിടപാടേ നടന്നിട്ടില്ല. അതിനാൽ കുറ്റകൃത്യമില്ല. അതേക്കുറിച്ചും അന്വേഷണമാകട്ടെ. പഴയ ആരോപണങ്ങൾ അന്വേഷിക്കാൻ തങ്ങൾ തടസമല്ല. കെ.എം. മാണി ഇപ്പോഴില്ലാത്തതിനാൽ ജനം അത് ചർച്ച ചെയ്യാനാഗ്രഹിക്കുന്നില്ല. ഒരിക്കൽ ആരോപണമുന്നയിച്ചവരോട് പിന്നീട് ബന്ധം പാടില്ലെന്ന് പറയാൻ രാഷ്ട്രീയത്തിൽ സാദ്ധ്യമല്ല. മാണിയെ മുഖ്യമന്ത്രിയാക്കാൻ തങ്ങളൊരിക്കലും ആലോചിച്ചിട്ടില്ല. ഉപാധികളില്ലാതെയാണ് ജോസ് വിഭാഗം മുന്നണിയിൽ എത്തിയത്. നിയമസഭാ സീറ്റ് ചർച്ച അതിന്റെ ഘട്ടത്തിലാകുന്നതാണ് മുന്നണിയുടെ കീഴ്‌വഴക്കം. ഇപ്പോൾ തദ്ദേശതിരഞ്ഞെടുപ്പിന്റെ ചർച്ചകളാണ്. ഒരു കക്ഷിക്കും ആശങ്ക വേണ്ട. എല്ലാ കക്ഷികൾക്കും സ്വാതന്ത്ര്യമുള്ള മുന്നണിയാണിത്. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചേ തീരുമാനമുണ്ടാകൂവെന്നും കോടിയേരി പറഞ്ഞു.

രാഹുലിനെ തള്ളിപ്പറഞ്ഞത് ബി.ജെ.പിക്ക് വേണ്ടി

കൊവിഡ് പ്രതിരോധത്തിൽ കേരളസർക്കാരിനെ പ്രകീർത്തിച്ച രാഹുൽഗാന്ധിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന് കോടിയേരി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് മാറിയോയെന്ന് ബി.ജെ.പി ജനറൽസെക്രട്ടറി എം.ടി. രമേശ് ചോദിച്ചതിന് പിന്നാലെയാണ് ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താൻ ചെന്നിത്തല ഹൈക്കമാൻഡിനെ തള്ളിപ്പറഞ്ഞത്. കോൺഗ്രസ്- ബി.ജെ.പി ഒളിച്ചുകളിയുടെ പ്രകടമായ തെളിവാണിത്. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് രാഹുൽഗാന്ധിയാണോ ജെ.പി. നദ്ദയാണോ? രാഹുലിനെ തള്ളിപ്പറയാൻ ചെന്നിത്തലയ്ക്ക് എങ്ങനെ കഴിഞ്ഞെന്നും കോടിയേരി ചോദിച്ചു.