
തിരുവനന്തപുരം: ഇതുവരെ ഒരു ഏജൻസിയും കണ്ടെത്താത്ത തെളിവുകളാണ് ശിവശങ്കറിന് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ സമർപ്പിച്ചത്. സ്വപ്നയല്ല, ശിവശങ്കറാണ് സൂത്രധാരനെന്നാണ് ഇ.ഡിയുടെ ആരോപണം.
സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫോണുകൾ സി-ഡാക്കിൽ പരിശോധിച്ചപ്പോൾ ലഭിച്ചത് തെളിവുകളുടെ അക്ഷയ ഖനിയാണെന്ന് ഇ.ഡി പറയുന്നു. സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെടണമെന്ന് സ്വപ്ന ശിവശങ്കറിനെ നിർബന്ധിക്കുന്നതും വിട്ടുതരണമെന്ന് താൻ വിളിച്ചുപറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കർ അറിയിച്ചതും വാട്സ്ആപ്, ടെലിഗ്രാം സന്ദേശങ്ങളിലുണ്ട്. സന്ദേശങ്ങളെല്ലാം മായ്ച ശേഷം ഒളിവിൽ പോവും മുൻപ് സ്വപ്ന വീട്ടിൽ ഉപേക്ഷിച്ച ഫോൺ പരിശോധിച്ചാണ് നിർണായക സന്ദേശങ്ങൾ ഇ.ഡി വീണ്ടെടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ശിവശങ്കർ ദുരുപയോഗിച്ചെന്ന വാദത്തിന് മൂന്ന് കാരണങ്ങളാണ് ഇ.ഡി പറയുന്നത്. യു.എ.ഇ കോൺസുലേറ്റുമായുള്ള ബന്ധപ്പെടാനുള്ള ഏക ഉദ്യോഗസ്ഥനായി ശിവശങ്കറിനെ നിയോഗിച്ചിരുന്നു. അതോടെ എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും സ്വപ്ന ബന്ധപ്പെട്ടു. അതോടൊപ്പം സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാനും അദ്ദേഹത്തെ ഇടപെടുത്തി. ജൂലായ് അഞ്ചിന് പിടിച്ച ബാഗ് കിട്ടാനാണോ അതിനുമുൻപെത്തിയ ഏതെങ്കിലും കാർഗോ വിട്ടുകിട്ടാനാണോ ശിവശങ്കർ ഇടപെട്ടതെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. മുദ്രവച്ച കവറിൽ ഇതിന്റെ തെളിവുകൾ ഹൈക്കോടതിക്ക് നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടി വരുമെന്ന് ഇ.ഡി പറയുന്നത് ഈ തെളിവുകളുടെ ബലത്തിലാണ്.