
തിരുവനന്തപുരം: ആറ്റിങ്ങലിൽ 20 കോടി രൂപ വിലയുള്ള 500 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതികൾ പിടിയിലായി. പഞ്ചാബ് സ്വദേശി രാജൂഭായ് എന്ന മന്ദീപ് സിംഗ്, കൂട്ടാളി വടകര സ്വദേശി ജിതിൻരാജ് എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി മന്ദീപ് സിംഗിന്റെ മറ്റൊരു കൂട്ടാളി ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയചന്ദ്രൻ നായർ, ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ട് ഉടമ, കോഴിക്കോട് സ്വദേശിയുമായ ബാബുക്ക എന്നീ പ്രതികളെ എക്സൈസ് സംഘം നേരത്തെ പിടികൂടിയിരുന്നു. മന്ദീപ് സിംഗിനെയും ജിതിനെയും മൈസൂരിൽ നിന്ന് മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എക്സൈസിന് കൈമാറുകയായിരുന്നു. പഞ്ചാബിൽ എം.എസ്.വൈ ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയാണ് മന്ദീപ് സിംഗ്. കഞ്ചാവ് കേസിൽ ഇതുവരെ 7 പ്രതികളെ പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന അബ്ദുള്ള എന്നയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. പിടിയിലായ ജയചന്ദ്രന്റെ മുടപുരത്തെ മത്സ്യ ഗോഡൗണിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് സെപ്തംബർ ആറിന് എക്സൈസ് സംഘം പിടികൂടിയത്. കള്ളനോട്ട് കേസുകളിൽ പ്രതിയായിരുന്ന ജയചന്ദ്രൻ ഗൾഫിൽ ഫാർമസിസ്റ്റായി ജോലി ചെയ്‌തിരുന്നു. മൂന്നുവർഷം മുമ്പ് നാട്ടിലെത്തി തടിക്കച്ചവടത്തിലേക്കും മത്സ്യവ്യാപാരത്തിലേക്കും തിരിയുകയായിരുന്നു. മത്സ്യവ്യാപാരം മറയാക്കി മയക്കുമരുന്നും മദ്യവും കടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഇരുതലമൂരി, വെള്ളിമൂങ്ങ, അംബർഗ്രീസ്, സിൽവർ മെർക്കുറി, ചന്ദനത്തടി തുടങ്ങിയവ ജിതിൻ രാജ്, ജയചന്ദ്രനുമായി ചേർന്ന് കടത്തിയിട്ടുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രതികളുടെ സ്വത്തുവിവരങ്ങളെപ്പറ്റിയും എക്സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. കഞ്ചാവുകടത്തിലെ വമ്പനായ പഞ്ചാബ് സ്വദേശി രാജുഭായുമായി ഫോണിൽ നേരിട്ടുബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. ജിതിൻരാജുമായി തടിക്കച്ചവടത്തിൽ തുടങ്ങിയ പരിചയം മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ഡ്രൈവർമാർക്ക് പുതിയ സിം നൽകിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 3 മാസത്തിനിടെ 925 കിലോ കഞ്ചാവും 1.5 കിലോ ഹാഷിഷ് ഓയിലുമാണ് ജില്ലയിലെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡിലെ സി.ഐ അനികുമാർ, സി.ഐ. ജി.കൃഷ്ണകുമാർ, എസ്.ഐമാരായ എസ്. മധുസൂദനൻ നായർ, മുകേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ ചോദ്യംചെയ്‌ത ശേഷം വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.