
വെമ്പായം: ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവിൽ മോഷണം നടത്തുന്ന വ്യാജ വൈദ്യനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്‌തു. തിരുമല കുന്നപ്പുഴ പുതുവൽ പുരയിടം വീട്ടിൽ അനിൽകുമാറാണ് (48) പിടിയിലായത്. വെമ്പായം പെരുംകൂർ സ്വദേശിയായ യുവതിയുടെ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒരാഴ്ചയ്‌ക്ക് മുമ്പ് പെരുംകൂരിലെത്തിയ അനിൽകുമാർ അവിടെ കട നടത്തുകയായിരുന്ന സ്ത്രീയെ പരിചയപ്പെട്ട ശേഷം അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് വീട്ടിലെത്തി രണ്ടുദിവസം ചികിത്സ നടത്തി. മൂന്നാംദിവസത്തെ ചികിത്സയ്‌ക്കിടെ സ്വർണാഭരണങ്ങൾ അഴിച്ചുവയ്‌ക്കാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ചികിത്സ കഴിഞ്ഞശേഷം സ്ത്രീയുടെ മൂന്നരപ്പവന്റെ സ്വർണമാല, മൊബൈൽ ഫോൺ, ഡയറി എന്നിവയുമായി അനിൽ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സമാനരീതിയിൽ മോഷണം നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. വട്ടിയൂർക്കാവ് സ്വദേശിയായ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകിയശേഷം ഇവരെ കാണാനാണ് ഇയാൾ മെഡിക്കൽകോളേജ് ആശുപത്രി പരിസരത്തെത്തിയത്. വട്ടപ്പാറ സി.ഐ ബിനുകുമാർ, എസ്.ഐമാരായ അബ്ദുൾ അസീസ്, സലിൻ, സതീശൻ, സി.പി.ഒമാരായ ഷാജഹാൻ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.