babu

വൈക്കം : തലയാഴം കൂവത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവം മനയ്ക്കത്തറയിൽ ബാബു (47) ആണ് ഭാര്യ സൂസനെ (43) കൊലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ ഡിസംബർ 29 ന് സൂസമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. ബാബു അന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. സമീപവാസിയായ ഒരാൾക്കൊപ്പം ഇവർ പോയെന്നായിരുന്നു ബാബുവിന്റെ പരാതി. ആറ് മാസത്തിന് ശേഷം സൂസമ്മ മടങ്ങിയെത്തി. ഇതുമായി ബന്ധപ്പെട്ട് നടന്ന കലഹം പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. ഇരുവരും വീണ്ടും ഒരുമിച്ച് താമസവും തുടങ്ങി. അതിനിടെയാണ് ബുധനാഴ്ച വീണ്ടും സൂസമ്മ അപ്രത്യക്ഷയായത്. വീണ്ടും ബാബു പരാതി നൽകി. വ്യാഴാഴ്ച വൈകിട്ട് സൂസമ്മ മടങ്ങിയെത്തി. തുടർന്നുണ്ടായ വഴക്കിനിടെയാണ് ഇറച്ചിവെട്ടുകാരനായ ബാബു പണിക്കുപയോഗിക്കുന്ന കത്തികൊണ്ട് സൂസമ്മയെ കുത്തിയത്. പാടശേഖരത്തിന് സമീപം ഒറ്റപ്പെട്ട വീടാണ് ഇവരുടേത്. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ബാബു കുറച്ചകലെയുള്ള കടയിലെത്തി കടയുടമയോട് വിവരം പറഞ്ഞ ശേഷം തിരികെ വീട്ടിലേക്ക് പോയി. പൊലീസ് എത്തുമ്പോൾ ബാബു വീട്ടിലുണ്ടായിരുന്നു.കുറ്റം ഏറ്റുപറഞ്ഞ് പ്രതി പോലീസിന് കീഴടങ്ങി. കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.