തിരുവനന്തപുരം: സൗദി അറേബ്യയിൽ നിന്നെത്തിച്ച വധശ്രമക്കേസിലെ പ്രതിയെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി പൂന്തുറ പൊലീസ് അറസ്റ്റുചെയ്‌തു. 2013ൽ പൂന്തുറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സജാദ് ഹുസൈനെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി മുട്ടത്തറ മാണിക്കവിളാകം സ്വദേശി അബു സൂഫിയാനാണ് (31) പിടിയിലായത്. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന പ്രതിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യൻ അധികൃതർ പ്രതിയെ അറസ്റ്റുചെയ്‌ത വിവരം സി.ബി.ഐ മുഖേന സ്‌റ്റേറ്റ് ഇന്റർപോൾ ലെയ്സൻ ഓഫീസർ ഐ.ജി എസ്. ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് വഴിയാണ് പ്രതിയെ ഹൈദരാബാദിലെത്തിച്ചത്. സിറ്റി ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശ പ്രകാരം പൂന്തുറ സ്‌റ്റേഷനിലെ എസ്‌.ഐ സുരേഷ് കുമാർ, സി.പി.ഒ മനു എന്നിവർ ഹൈദരാബാദിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.