
തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള സാഹചര്യത്തിൽ ഐ.ടി,ഡിജിറ്റൽ സ്ഥാപനങ്ങൾക്ക് വൻ കുതിപ്പിന് അവസരമുണ്ടാകുമെന്നും, അതിനുള്ള മുന്നൊരുക്കങ്ങൾ ഇപ്പോൾ തുടങ്ങണമെന്നും അമേരിക്കയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഗാർട്ട്നറിലെ ഗവേഷണ വിഭാഗം മേധാവി ക്രിസ് ഹൊവാർഡ് പറഞ്ഞു.
കൊവിഡിന് ശേഷമുള്ള ഗവേഷണങ്ങളെയും ഐ.ടി വികസനത്തെയും കുറിച്ച് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ നടത്തിയ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലം മനുഷ്യർക്ക് പുറത്തിറങ്ങാതെ കാര്യങ്ങൾ നടത്താനുള്ള സവിശേഷ സാഹചര്യമാണ് നൽകിയത്. ഡിജിറ്റൽ ഇടപാടുകളുടെ സുതാര്യതയും വേഗതയും ബോധ്യപ്പെടുത്താനും സമൂഹത്തെ ഇതിലേക്ക് നയിക്കാനും ഇതവസരമൊരുക്കി. ഇതിന് രാജ്യങ്ങളുടെ ഐ.ടി. ബഡ്ജറ്റിൽ വൻ വർദ്ധനവുമുണ്ടാകും. ഇത് വിനിയോഗിക്കാൻ ഐ.ടി. കമ്പനികൾ ഒരുങ്ങണം. വിതരണം, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സൂഷ്മമായ അറിവുണ്ടാക്കണം. വേഗത്തിലും കാര്യക്ഷമമായും ഇടപാടുകൾ നടത്താനാകണം. ഡിജിറ്റൽ രംഗത്തേക്ക് സമൂഹം മാറുമ്പോൾ ചില പ്രത്യേക മേഖലകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും ക്രിസ് ഹൊവാർഡ് പറഞ്ഞു.
സി.ഇ.ടി.യുടെ ആഭിമുഖ്യത്തിൽ കൊവിഡാനന്തരകാലത്തെ ഐ.ടി. ട്രെൻഡുകളേയും ഗവേഷണ സാധ്യതകളെയും കുറിച്ചുള്ള വെബിനാർ പരമ്പരയ്ക്ക് തുടക്കമായി.സി.ഇ.ടി.യിലെ പൂർവവിദ്യാർത്ഥിയും അന്താരാഷ്ട്ര സ്ഥാപനമായ ജി.ഇ ട്രാൻസ്പോർട്ടേഷനിലെ കൺസൾട്ടിംഗ് എൻജിനിയറും, മൂന്നൂറിലേറെ അമേരിക്കൻ പേറ്റന്റും ആയിരത്തിലേറെ അന്താരാഷ്ട്ര പേറ്റന്റുകളുമെടുത്തിട്ടുള്ള അജിത് കുമാർ ര ഉദ്ഘാടനം ചെയ്തു.കൊവിഡ് സാഹചര്യത്തെ അതിജീവിക്കുമ്പോൾ ലോകത്തിനും അക്കാഡമിക് മേഖലയ്ക്കും ദിശാബോധം നൽകാൻ സഹായിക്കുന്ന വിഷയങ്ങളെ ഉൾക്കൊള്ളിച്ച് ലോകപ്രശസ്തരായ വിദഗ്ദ്ധരാണ് വെബിനാറിൽ സംസാരിക്കുക.