തിരുവനന്തപുരം: ഇടക്കാല വികസന ഉത്തരവിൽ (ഇന്ററിം ഡെവലപ്‌മെന്റ് ഓർഡർ) ഭേദഗതിക്കുള്ള ഭരണസമിതിയുടെ നീക്കം പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് നടപ്പായില്ല. തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ പുതിയ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇടക്കാല ഉത്തരവിൽ ഭേദഗതി ചെയ്യാനുള്ള വിഷയം അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷത്തിന് പിന്നാലെ സി.പി.ഐ നേതാവ് വെട്ടുകാട് സോളമനും രംഗത്തെത്തിയത് ഭരണപക്ഷ നീക്കത്തിന് തിരിച്ചടിയായി. ഇതോടെ വിഷയം അടുത്ത കൗൺസിലേക്ക് മാറ്റി. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജനാണ് ഭേദഗതി അവതരിപ്പിച്ചത്. തീരമേഖലയെ അവഗണിച്ചെന്ന് വെട്ടുകാട് സോളമൻ ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ ഓഫീസിനു മുന്നിൽ സമരം നടത്തി മാസ്റ്റർ പ്ലാൻ റദ്ദാക്കിയവർക്ക് സ്വന്തം പാർട്ടി അധികാരത്തിലെത്തിയിട്ടും പുതിയ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇത് ജനവഞ്ചനയാണെന്നും യു.ഡി.എഫ് നേതാവ് ബീമാപ്പള്ളി റഷീദ് ആരോപിച്ചു. ഭേദഗതി നീക്കം ജനങ്ങളെ കബളിപ്പിക്കലാണെന്ന് ബി.ജെ.പി നേതാവ് എം.ആർ. ഗോപനും ആരോപിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളായ ജോൺസൺ ജോസഫ്, വി.ജി. ഗിരികുമാർ, പീറ്റർ സോളമൻ, വി.ആർ. സിനി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മിക്ക കൗൺസിലർമാരുടെയും നിസഹകരണം കാരണം നടപടിക്രമങ്ങൾ സമയത്തു പൂർത്തിയാക്കാത്തതുകൊണ്ടാണ് പുതിയ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കാത്തതെന്ന് മറുപടി പ്രസംഗത്തിൽ പാളയം രാജൻ പറഞ്ഞു. തർക്കം രൂക്ഷമായതോടെ വിഷയം അടുത്ത കൗൺസിൽ യോഗത്തിലേക്ക് മാറ്റിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.