1

പോത്തൻകോട്: സഞ്ചാരികളുടെ പറുദീസയായ മടവൂർ പാറയുടെ വികസനത്തിന് ഗതിവേഗം. മടവൂർപാറ ടൂറിസത്തിന്റെയും ഗുഹാക്ഷേത്രത്തിന്റെയും വികസനത്തിനായി മൂന്നാഘട്ടമെന്ന നിലയിൽ 3 കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. മടവൂർപ്പാറയെ ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിശ്ചയദാർഢ്യമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കാൻ സഹായകമായത്. ആദ്യഘട്ടമെന്ന നിലയിൽ ഓപ്പൺ സ്റ്റേജ് മുതൽ ഗംഗാതീർത്ഥം വരെയുള്ള കൽപ്പടവുകളുടെയും കഫ്റ്റീരിയയുടെയും നിർമ്മാണം പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ട വികസനത്തിൽ ഉൾപ്പെടുത്തി 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മൂന്നാംഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾക്ക് സമീപത്തെ ഭൂമിയേറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനാണ് ഇപ്പോൾ തുക അനുവദിച്ചത്. പുതിയ പദ്ധതികൾ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗീകരിച്ചതിനാൽ തുടർപ്രവർത്തനങ്ങൾ വേഗത്തിലാകും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില ഉടൻ തന്നെ ഉടമകൾക്ക് കൈമാറും. മടവൂർപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന റോഡായ ചാരുംമൂട് - മഹാദേവപുരം - മടവൂർപ്പാറ -കാട്ടായിക്കോണം - അരിയോട്ടുകോണം റോഡ് 6 കോടി രൂപ വിനിയോഗിച്ച് ആധുനികരീതിയിൽ നവീകരിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.

നയനസുന്ദര കാഴ്ചകൾ

350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തെക്കേ ഇന്ത്യയിലെ പ്രധാന ഗുഹാക്ഷേത്രമാണ് മടവൂർപ്പാറ. പാറയുടെ മുകളിലെത്തുന്നവർക്ക് മൈലുകൾക്കപ്പുറത്തെ മനോഹരമായ പച്ചപ്പും പ്രകൃതി സൗന്ദര്യവും നുകരുവാനും സായംസന്ധ്യകളിൽ അറബിക്കടലിൽ ഊളിയിടുന്ന അസ്തമയസൂര്യനെ കൺനിറയെ കാണാനും സാധിക്കും. എയർപോർട്ട്, ടെക്നോപാർക്ക്, ടെക്നോസിറ്റി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ മനോഹരങ്ങളായ ദൂരകാഴ്ചകളും മടവൂർപാറമുകളിലെ പ്രത്യകതകളാണ്. പുലർകാലത്തെ ഉദയസൂര്യന്റെ വരവറിയിച്ചുകൊണ്ടുള്ള കാഴ്ചകളും നയന മനോഹരമാണ്. കൊവിഡ് കാലത്തിന് മുൻപ് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തിയിരുന്നത്.

കാട്ടായിക്കോണവും വികസനവഴിയിൽ

മടവൂർപ്പാറ ഗുഹാക്ഷേത്രവും പരിസരവും ഉത്തരവാദിത്വ ടൂറിസം വികസനത്തിന്റെ ഭാഗമായതോടെ കാട്ടായിക്കോണം മേഖലയും മാറിത്തുടങ്ങി. ഓല മെടയൽ, പരമ്പരാഗത പപ്പടം യൂണിറ്റുകൾ, ഫാമുകൾ, അന്യംനിന്നുപോയ ആലകൾ, ചെറുകിട കരകൗശല വ്യവസായ യൂണിറ്റുകൾ തുടങ്ങി ഇവിടത്തെ പല പരമ്പരാഗത യൂണിറ്റുകളും വിദേശികൾക്ക് പുത്തൻ അനുഭവവുമായി മാറും. വികസന സാദ്ധ്യതകൾ മുന്നിൽക്കണ്ട് ഹോംസ്റ്റേ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുങ്ങുന്നുണ്ട്.


മൂന്നാം ഘട്ടത്തിൽ ഇവയൊക്കെ...

പാർക്കിംഗ് സൗകര്യം

ടൂറിസം ഇൻഫർമേഷൻ ഓഫീസ്

ഓപ്പൺ സ്റ്റേജിലേക്കുള്ള നടപ്പാത

പാറമട ജലാശയത്തിലെ ബോട്ടിംഗ്

കൂവക്കുളത്തിൽ കുട്ടവഞ്ചി സവാരി

വിനോദ സജ്ജീകരണങ്ങൾ, ട്രക്കിംഗ്

ഒരേക്കർ സ്ഥലത്ത് പൂന്തോട്ടം

ലൈറ്റ് ആൻഡ് സൗണ്ട് ഷോ

നക്ഷത്ര വനം