
തിരുവനന്തപുരം: ശക്തിചൈതന്യത്തെയും അക്ഷരദേവതയെയും ഉപാസിക്കുന്ന നവരാത്രിയുടെ മൂന്നാംഘട്ടപൂജകൾ ദുർഗാഷ്ടമിയായ ഇന്നലെ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മഹാനവമിയുടെ ഭാഗമായ പൂജകളാണ്. ഇക്കുറി മൂന്ന് ദിവസങ്ങളിലേക്ക് നീളുന്ന പൂജവയ്‌പാണ്. തിങ്കളാഴ്ച വീടുകളിൽ കുരുന്നുകൾ ആദ്യക്ഷര മധുരം നുണയും. മഹാലക്ഷ്മീ ചൈതന്യമായ ഇച്ഛാശക്തിയും സരസ്വതീ ചൈതന്യമായ ജ്ഞാനശക്തിയും പാർവതീ ചൈതന്യമായ ക്രിയാശക്തിയും ദുർഗാഷ്ടമി, മഹാനവമി, വിജയദശമി നാളുകളിൽ കൈവരുമെന്നാണ് ആചാര്യമതം. തിങ്കളാഴ്ച രാവിലെ വിജയദശമി ആഘോഷത്തോടൊപ്പം പൂജയെടുപ്പും വിദ്യാരംഭവും നടക്കും. നവരാത്രി ആഘോഷ വീടുകളിൽ പരിമിതപ്പെടുത്തി. ചില ക്ഷേത്രങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് വിദ്യാരംഭം നടക്കും.