da

വർക്കല: 15ാം വർഷത്തിന്റെ തിളക്കത്തിലെത്തിയ ഓടയം തിരുവമ്പാടി കടൽത്തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന ചെമ്മീൻ ഹാച്ചറി വിത്ത് ഉത്പാദനത്തിൽ കരുത്തോടെ മുന്നേറുന്നു. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള (ജലകൃഷി വികസന ഏജൻസി, അഡാക്ക്) കീഴിലാണ് ഹാച്ചറിയുടെ പ്രവർത്തനം. കാര ചെമ്മീൻ, നാരൻ ചെമ്മീൻ, ആറ്റുകൊഞ്ച്,എന്നീ മൂന്നിനം ചെമ്മീൻ മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മണ്ണ്, വെള്ളം, മത്സ്യരോഗങ്ങൾ, തീറ്റയുടെ ഗുണനിലവാരം,​ മലിനമാക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനമായ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും. തിരുവമ്പാടി കടലിൽ നിന്നും ഫ്ലെക്‌സിബിൾ ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിച്ച് ഹാച്ചറിയിലെ പ്രത്യേക ടാങ്കുകളിലെത്തിച്ച ശേഷം വിവിധ ജല ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. രാജീവ്ഗാന്ധി സെന്റർ ഫോർ അക്വാട്ടിക് ബയോളജി (ആർ.ജി.സി.എ) വിഭാഗത്തിന്റെെ സാങ്കേതിക സഹായത്തോടെ ഞണ്ട് ഹാച്ചറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഫിഷറീസ് വകുപ്പിന്റെ അതിനൂതന മത്സ്യകൃഷി സംരംഭവും ജില്ലയിലെ മത്സ്യ കർഷകർക്ക് നേരിട്ട് പരിശീലനം, മത്സ്യക്കൃഷി പരിപാലനം, കൃഷിരീതി, ബോധവത്കരണം എന്നിവയ്‌ക്കായി ബയോ ഫ്ലോക്ക് യൂണിറ്റും ഇവിടെ പ്രവർത്തനസജ്ജമാണ്.