
പോത്തൻകോട് : കാട്ടായിക്കോണം നിവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് മടവൂർപാറ ടൂറിസവും ഗുഹാ ക്ഷേത്ര വികസനവും. സമുദ്രനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തെക്കേ ഇന്ത്യയിലെ പ്രധാന ഗുഹാ ക്ഷേത്രമാണ് മടവൂർപ്പാറ. പാറയുടെ മുകളിലെത്തുന്നവർക്ക് മനോഹരമായ പച്ചപ്പും പ്രകൃതി സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും സായംസന്ധ്യകളിലെ സൂര്യാസ്മനവും കൺനിറയെ വീക്ഷിക്കുന്നതിനും നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്. കൂടാതെ എയർപോർട്ട്, ടെക്നോപാർക്ക്, ടെക്നോസിറ്റി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ മനോഹരങ്ങളായ ദൂരക്കാഴ്ചകളും മടവൂർപാറമുകളിലെ പ്രത്യകതകളാണ്. കൊവിഡ് കാലമല്ലായിരുന്നെങ്കിൽ വിവിധയിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സായഹ്ന - അവധിക്കാല വിനോദ കേന്ദ്രമായി മടവൂർപ്പാറ മാറുമായിരുന്നു. മടവൂർപ്പാറയെ ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിശ്ചയ ദാർഢ്യമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടനവധി വികസന പദ്ധതികൾ ഇവിടെ നടപ്പിലാക്കാനായത്. രണ്ടാം ഘട്ട ടൂറിസം വികസനത്തിന്റെ ഭാഗമായി 7 കോടിയുടെ വികസന പ്രവർത്തങ്ങൾ നടന്നുവരികയാണ്. മൂന്നാം ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾക്കായി ടൂറിസം കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. സർക്കാർ പ്രത്യേക വിഭാഗമായി കണക്കാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ 3 കോടി 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ആദ്യഘട്ടമെന്ന നിലയിൽ ഓപ്പൺ സ്റ്റേജ് മുതൽ ഗംഗാതീർത്ഥം വരെയുള്ള കൽപ്പടവുകളുടെയും കഫ്റ്റീരിയയുടെയും നിർമ്മാണം പൂർത്തിയാക്കിയിരുന്നു. മൂന്നാം ഘട്ട വികസനത്തിന് വേണ്ടിയാണ് ടൂറിസം കേന്ദ്രത്തിനോട് ചേർന്നുള്ള അഞ്ചേക്കറോളം ഭൂമി പ്രത്യക പ്ലാൻ തയ്യാറാക്കി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി ടൂറിസംവകുപ്പ് നിർദ്ദേശിച്ച സ്ഥലങ്ങൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് സർവേ നടത്തി നടപടികൾ പൂർത്തിയാക്കിയിരുന്നു. പുതിയ പദ്ധതികൾ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗീകരിച്ചതോടെ തുടർപ്രവർത്തനങ്ങൾ ഇനി വേഗത്തിലാകും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില ഉടൻ ഉടമകൾക്ക് കൈമാറും. മടവൂർപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന റോഡായ ചാരുംമൂട് - മഹാദേവപുരം - മടവൂർപ്പാറ - കാട്ടായിക്കോണം - അരിയോട്ടുകോണം റോഡ് 6 കോടി രൂപ വിനിയോഗിച്ച് ആധുനികരീതിയിൽ നവീകരിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
മൂന്നാം ഘട്ട പദ്ധതിയിൽ
പാർക്കിംഗ് സൗകര്യം
ഇൻഫർമേഷൻ ഓഫീസ്
ഓപ്പൺ സ്റ്റേജ് നടപ്പാത
ബോട്ടിംഗ് സൗകര്യം
ട്രക്കിംഗ്
ആധുനിക പൂന്തോട്ടം
ലൈറ്റ് ആൻഡ് സൗണ്ട് ഷോ
നക്ഷത്ര വനം
ടൂറിസം മേഖല
മടവൂർപ്പാറ ഗുഹാക്ഷേത്രവും പരിസരങ്ങളും ഉത്തരവാദിത്വ ടൂറിസം വികസനത്തിന്റെ ഭാഗമായതോടെ കാട്ടായിക്കോണം മേഖലയും മാറി തുടങ്ങി. ഓല മെടയൽ, പരമ്പരാഗത പപ്പടം യൂണിറ്റുകൾ, ഫാമുകൾ, അന്യം നിന്നു പോയ ആലകൾ, ചെറുകിട കരകൗശല വ്യവസായ യൂണിറ്റുകൾ തുടങ്ങി ഇവിടത്തെ പല പരമ്പരാഗത യൂണിറ്റുകളും വിദേശികൾക്ക് പുത്തൻ അനുഭവവുമായി മാറും. വികസന സാദ്ധ്യതകൾ മുന്നിൽക്കണ്ട് ഹോംസ്റ്റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രദേശത്ത് ഒരുങ്ങുന്നുണ്ട്.