ss

കല്ലമ്പലം: കല്ലമ്പലം മേഖലയിൽ ലഹരി ഉപയോഗവും വ്യാപാരവും തകൃതി. കല്ലമ്പലം, മാവിൻമൂട്, നാവായിക്കുളം വടക്കേവയൽ, നാറാണത്തുചിറ, കുടവൂർ ലക്ഷംവീട് വെടയത്ത് കുളം, കരിമ്പുവിള ആറുസെന്റ്‌ തുടങ്ങി വിവിധ സ്ഥലങ്ങളിൽ യുവാക്കൾ സംഘടിച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ നാവായിക്കുളം പള്ളിക്കൽ മേഖലകളിൽ നിന്നും എക്സൈസ് പിടികൂടിയത് നാലര കിലോ കഞ്ചാവാണ്. ഇക്കഴിഞ്ഞ 24ന് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പാരിപ്പള്ളിയിൽ നിന്നും കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ, കൊട്ടിയം സ്വദേശികളായ യുവാക്കൾ പിടിയിലായി. 30 കിലോ കഞ്ചാവുമായി കൊല്ലത്തു നിന്നും യാത്ര തിരിച്ച ഇവർ കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഞ്ചാവ് നൽകിയാണ്‌ കല്ലമ്പലം ഭാഗത്ത് എത്തിയത്. സ്ഥിരമായി വാങ്ങുന്ന സംഘങ്ങളുണ്ടെന്ന് ഇവർ പറയുന്നു. അവർ ഇത് വീണ്ടും ചെറു പൊതികളാക്കി ഉപഭോക്താവിന് നൽകും. 15 വയസ് പ്രായമുള്ളവർ വരെ ഇത് ഉപയോഗിക്കുന്നതായും ഇവർ വെളിപ്പെടുത്തി.

നിത്യേന മയക്കുമരുന്നിന് അടിമയാകുന്ന യുവാക്കൾ അക്രമാസക്തരാകുന്നതും പതിവ് കാഴ്ചയാണ്. മയക്കുമരുന്നിനെതിരെ എക്സൈസിന്റെ ശക്തമായ ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.