photo1

പാലോട്: ആകാശത്ത് തെളിയുന്ന മഴമേഘങ്ങളെ ആശങ്കയോടെ നോക്കുന്ന ഒരു പ്രദേശവും പ്രദേശവാസികളുമായിരുന്നു നന്ദിയോട് പഞ്ചായത്തിലെ ചോനൽവിള ലക്ഷം വീട് കോളനിയും അവിടെ താമസിക്കുന്ന മുപ്പത് കുടുംബങ്ങളും. പതിനാല് വർഷങ്ങൾക്ക് മുൻപ് ഈ മുപ്പത് കുടുംബങ്ങൾക്ക് സർക്കാർ മൂന്ന് സെന്റ് വസ്തു നൽകി വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു. പക്ഷേ ഈ വീടുകളിൽ താമസിക്കുന്നവർക്ക് നിലവിൽ മഴ പെയ്തു തുടങ്ങിയാൽ പിന്നെ ഭയത്തോടെ ദിവസങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. രാത്രിയിലാവട്ടെ ഇരുന്ന് നേരം വെളുപ്പിക്കേണ്ടിയും വരും. ഈ വീടുകളുടെ ചുവരുകൾ ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കൂടാതെ ചോർച്ചയും. മഴ പെയ്ത് കഴിഞ്ഞാൽ ഈ വീടുകൾക്കുള്ളിൽ വെള്ളക്കെട്ടാണെന്നാണ് ഇവർ പറയുന്നത്. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ചോനൻവിള ലക്ഷം വീട് നവീകരിക്കുന്നതിന് വേണ്ടി ന്യൂലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസി‌‌‌ഡന്റ് വി.കെ. മധു അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് വീടുകളുടെ നവീകരണത്തിനായി തുക അനുവദിക്കുകയും നവീകരണ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെടുന്നവർക്ക് 2 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് ഒന്നര ലക്ഷം രൂപ വീതവുമാണ് നൽകിയത്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇന്ന് ചോനൻവിളയിലെ 30 വീടുകളും വാസയോഗ്യമാണ്.