
കല്ലമ്പലം: സഹപ്രവർത്തകന്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. കരവാരം ശിവകൃപയിൽ ജെ.പി. അമൃതപ്രസാദാണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ചാത്തമ്പാറയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇയാൾ കൂടെ ജോലി ചെയ്യുന്ന മറ്രൊരു ഡോക്ടറുടെ മകന് ഗൾഫിൽ ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപയോളം കൈക്കലാക്കിയെന്നാണ് കേസ്.
പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും വിസ ലഭിക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് സഹപ്രവർത്തകൻ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിട്ടതോടെ കല്ലമ്പലം പൊലീസ് കേസ് രജിസ്റ്രർ ചെയ്തു. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പ്രതിയെ കല്ലമ്പലം സബ് ഇൻസ്പെക്ടർ വി. ഗംഗാപ്രസാദ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രാഗേഷ്‌ലാൽ എന്നിവർ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.