
തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന് ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന കൊവാക്‌സിൻെറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം കേരളത്തിലും നടക്കാൻ സാദ്ധ്യത. രണ്ടുഘട്ടങ്ങളിലെ പരീക്ഷണം നടന്ന 12സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിരുന്നില്ല. മൂന്നാംഘട്ടം 30 കേന്ദ്രങ്ങളിൽ നടത്താനാണ് ഐ.സി.എം.ആറും വാക്‌സിൻ വികസിപ്പിക്കുന്ന തെലങ്കാനയിലെ ഭാരത് ബയോടെക്ക് ഇന്ത്യയും തീരുമാനിച്ചിരിക്കുന്നത്. 26,000 പേർക്ക് വാക്‌സിൻ നൽകുന്ന ഈ ഘട്ടത്തിലാണ് കേരളത്തെയും പരിഗണിക്കുന്നത്.
വാക്‌സിൻ പരീക്ഷണത്തിന് കേരളം സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി തുടങ്ങി. ഐ.സി.എം.ആർ, ഭാരത് ബയോടെക് പ്രതിനിധികൾ സംസ്ഥാന ആരോഗ്യവകുപ്പുമായി ചർച്ചചെയ്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തും. വിദഗ്ദ്ധസംഘം എത്തി എല്ലാം വിലയിരുത്തും.
രണ്ടുഘട്ടങ്ങൾ വിജയിച്ചതോടെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന് കഴിഞ്ഞ ആഴ്‌ചയാണ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് അനുമതി നൽകിയത്.
പരീക്ഷണം ഏങ്ങനെ
പൂർണ ആരോഗ്യമുള്ള 18വയസിന് മുകളിലുള്ളവരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്.
ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും പരീക്ഷണം. ഒരു ഡോക്ടറെ ഇൻവെസ്റ്റിഗേറ്ററായി നിയോഗിക്കും ഡോക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം പരീക്ഷണത്തിന് സന്നദ്ധരാകുന്നവരെ (വോളണ്ടിയർമാർ) കണ്ടെത്തും. പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടും. മറ്റ് രോഗങ്ങളില്ലാത്തവരിൽ ആൻറിബോഡി പരിശോധന നടത്തും. ആൻറിബോഡി ഇല്ലെന്ന് ഉറപ്പാക്കിയാൽ ക്രമമായ ഇടവേളകളിൽ അവരെ ആശുപത്രിയിൽ എത്തിച്ച് വാക്‌സിൻ നൽകും. വാക്‌സിൻ എടുത്തശേഷം ബുദ്ധുമുട്ടുകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കണം. വാക്‌സിൻ നൽകി നിശ്ചിത ദിവസത്തിന് ശേഷം ശരീരത്തിൽ ആൻറിബോഡി ഉത്പാദിപ്പിക്കുന്നുണ്ടോയെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്തും.
'വാക്‌സിൻ പരീക്ഷണങ്ങളോട് സഹകരിക്കണമെന്നാണ് തീരുമാനം. ഭാരത് ബയോടെകിനെ താത്പര്യം അറിയിച്ചു. തുടർനടപടികൾ സ്വീകരിക്കേണ്ടത്
അവരാണ് '
-രാജൻ ഖോബ്രഗഡെ
ആരോഗ്യവകുപ്പ് സെക്രട്ടറി