
കല്ലമ്പലം: ദേശീയപാതയിൽ ആറ്റിങ്ങലിനും പാരിപ്പള്ളിക്കും മദ്ധ്യേ പ്രധാന പട്ടണമായ കല്ലമ്പലം ജംഗ്ഷനിൽ വഴിവാണിഭവും അനധികൃത പാർക്കിംഗും മൂലം പൊറുതിമുട്ടി ജനം. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്നതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നതിനാൽ കാൽനട യാത്രികർ അപകടത്തിൽ പെടുന്നത് പതിവാണ്. അനധികൃത പാർക്കിംഗിന് പുറമേ വഴിയോര കച്ചവടങ്ങൾ കൂടി തകൃതിയായതോടെ കാൽനട യാത്രികർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഏറെനാളായി നാട്ടുകാരെയും യാത്രക്കാരെയും അലട്ടുന്ന അഴിയാക്കുരുക്കിന് ശാശ്വതപരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. കരവാരം, നാവായിക്കുളം, ഒറ്റൂർ തുടങ്ങി മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കല്ലമ്പലം ജംഗ്ഷൻ പഞ്ചായത്തുകളുടെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും പഞ്ചായത്തുകൾ കല്ലമ്പലത്തെ അവഗണിച്ചിരിക്കുകയാണ്. സിഗ്നൽ ലൈറ്റുകൾ വെറും നോക്കുകുത്തിയായി മാറിയിട്ട് വർഷങ്ങളായി. കെ.എസ്.ആർ.ടി.സി അടക്കം ബസുകൾ പാർക്ക് ചെയ്യുന്നത് റോഡിലും പെട്രോൾ പമ്പിനു സമീപവും തോന്നിയപടിയാണ്. ഇവിടെ അപകടം പതിയിരിക്കുന്നത് പലവിധത്തിലാണ്. വാഹനങ്ങളുടെ അലക്ഷ്യസഞ്ചാരവും അനധികൃത പാർക്കിംഗും നടപ്പാതയിലെ വഴിവാണിഭവും പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. കുത്തിഞെരുങ്ങിയുള്ള വഴികളിൽ കാൽനടയാത്രികർ പെട്ടുപോകുന്ന സ്ഥിതിയാണ്. നടപ്പാതകൾ വരെ വഴിവാണിഭക്കാർ കൈയ്യടക്കിയ സ്ഥിതിയാണ്. റോഡിൽ കാലെടുത്തു വച്ചാൽ ചീറിപാഞ്ഞു പോകുന്ന വാഹനം തട്ടിയുള്ള അപകടം ഉറപ്പ്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രികരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപം നാഷണൽ ഹൈവേ കയ്യേറി പുരകെട്ടി ചായക്കച്ചവടം നടത്തുന്നതായും പരാതിയുണ്ട്. വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം റോഡിൽ ഫ്ലക്സ് ബോർഡ് വച്ചാണ് കച്ചവടം. ഇതിന് സമീപമാണ് വെള്ളിയാഴ്ച രാത്രി വാൻ ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനടക്കം നാലുപേർക്ക് പരിക്കേറ്റത്. അനധികൃത വഴി വാണിഭം വർദ്ധിച്ചതോടെ കടവാടകയും കറന്റ് ചാർജും ലൈസൻസ് ഫീസും നൽകി വ്യാപാരം ചെയ്യുന്നവർക്ക് വ്യാപാരം നന്നേ കുറഞ്ഞെന്ന ആരോപണവും വ്യാപാരികളുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്. കല്ലമ്പലം ജംഗ്ഷനിൽ നിന്നും ആറ്റിങ്ങൽ, വർക്കല, നഗരൂർ, പാരിപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലാണ് വഴിയോര കച്ചവടവും അനധികൃത പാർക്കിംഗും. റോഡ് കൈയ്യേറിയുള്ള കച്ചവടവും അനധികൃത പാർക്കിംഗും നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം
അനധികൃത പാർക്കിംഗും വഴി വാണിഭവും മൂലം വ്യാപാരികൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. വഴിവാണിഭക്കാർ വർദ്ധിച്ചതോടെ കല്ലമ്പലത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരം കുറഞ്ഞു. പലരും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
സതീശൻ (വ്യാപാരി)
കല്ലമ്പലം
ചിത്രം: അനധികൃത പാർക്കിംഗും വഴിവാണിഭവും മൂലം ഗതാഗതം താറുമാറായ കല്ലമ്പലം ജംഗ്ഷൻ