photo

നെടുമങ്ങാട്: മുന്നൊരുക്കങ്ങൾ കൂടാതെയുള്ള 'ദേശീയ കാർഷിക വിപണി സജ്ജമാക്കൽ" നെടുമങ്ങാട് അന്തരാഷ്ട്ര മാർക്കറ്റിൽ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും തിരിച്ചടിയായി. ഓൺലൈൻ ലേലത്തിനുള്ള ക്രമീകരണങ്ങളോ സ്റ്റോറേജ് സംവിധാനങ്ങളോ ഏർപ്പെടുത്താതെ ഉത്പന്നങ്ങളുമായി എത്തുന്ന കർഷകരെയും വാങ്ങാനെത്തുന്ന കച്ചവടക്കാരെയും വട്ടം ചുറ്റിക്കുകയാണ് മാർക്കറ്റ് അധികൃതർ. ഇടനിലക്കാരുടെ സഹായമില്ലാതെ രാജ്യത്തെവിടെയും ഉത്പന്നങ്ങൾ വിൽക്കാനും പരിപ്പുവർഗങ്ങൾ, ഉരുളക്കിഴങ്ങ്, ശീതകാല പച്ചക്കറികൾ, ഉള്ളി മുതലായവ നേരിട്ടു കേരളത്തിലെ വിപണികളിലെത്തിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇനാം) എന്ന ആശയമാണ് നെടുമങ്ങാട്ട് പാളിയത്. 14 മുതലാണ് ഇവിടെ ഇനാം നടപ്പിലാക്കിയത്. അതിരാവിലെ കൃഷിയിടങ്ങളിൽ നിന്ന് എത്തിച്ച ഉത്പന്നങ്ങൾ വിറ്റഴിയാതെ ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്. ലബോറട്ടറി, ഇ-ലേല ഹാൾ, സെർവർ റൂം, ക്ളീനിംഗ് ഗ്രേഡിംഗ്, സ്റ്റോറേജ്, പാക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷമേ പദ്ധതി ആരംഭിക്കാവു എന്ന് കേന്ദ്ര കാർഷിക മന്ത്രാലയം നിർദേശിച്ചിരുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ നടത്തിപ്പിനായി 30ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മാർക്കറ്റ് അധികൃതരുടെ അലംഭാവവും അനാസ്ഥയുമാണ് ഇലക്ട്രോണിക് മാർക്കറ്റിംഗ് സംവിധാനം പാഴായതിന് പിന്നിലെന്ന് ആക്ഷേപം ശക്തമാണ്.

 മാർക്കറ്റ് പ്രവർത്തിച്ചിരുന്നത് മെച്ചപ്പെട്ട നിലയിൽ

കൃഷിഭവനുകൾ മുഖേനെ രൂപീകരിച്ച കർഷക കൂട്ടായ്മകളുടെ കൺവീനർമാരുടെ നേതൃത്വത്തിൽ പഴം, പച്ചക്കറികൾ ലേലത്തിന് എത്തിക്കും. ലേലത്തിൽ പങ്കെടുക്കുന്നതിനായി വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ്, പൊതുവിപണി എന്നിവിടങ്ങളിലെ പ്രതിദിന വിലനിലവാര സൂചികയുടെ അടിസ്ഥാനത്തിൽ ഓരോ ഉത്പന്നങ്ങൾക്കും തറവില നിശ്ചയിച്ചാണ് ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവർ 2 ശതമാനം വില മാർക്കറ്റ് സെസ്സായി മുൻ‌കൂർ ഒടുക്കേണ്ടതുണ്ട്. കച്ചവടക്കാർ ഉറപ്പിക്കുന്ന വില ഏറ്റവും അടുത്ത ദിവസം തന്നെ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ് അനുവർത്തിച്ചു വരുന്ന രീതി. ഉത്പന്നങ്ങൾ അധികമായി വിപണിയിൽ വരികയോ, ലേലം കൊള്ളാതെയോ വരുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പ് ഈ ഉത്പന്നങ്ങൾ മുഴുവൻ ഉയർന്ന വിലയ്ക്ക് സംഭരിച്ച് വിതരണം ചെയ്യുന്നതാണ് രീതി.

ഇനാം നടപ്പിലായത് 6 വിപണികളിൽ

നെടുമങ്ങാടിന് പുറമെ, സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 6 കാർഷിക മൊത്തവ്യാപാര വിപണികളിലും ഇനാം നടപ്പിലായിട്ടുണ്ട്. ആനയറ, മരട്, മൂവാറ്റുപുഴ, വേങ്ങേരി, സുൽത്താൻ ബത്തേരി എന്നിവയാണ് ഇനാം വിപണികൾ. മാർക്കറ്റ് സെക്രട്ടറിയാണ് ഈ വിപണികളിലെ ഓഫീസ് തലവൻ. ജില്ലാ കളക്ടർ ചെയർമാനായുള്ള സ്ഥലം എം.എൽ.എ ഉൾപ്പെട്ട എക്സി. കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കർഷകരും ചെറുകിട കച്ചവടക്കാരും കമ്മിറ്റി അംഗങ്ങളാണ്. യൂറോപ്യൻ ഇക്കണോമിക് യൂണിയന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ചതിനാൽ ഇ.ഇ.സി / വേൾഡ് മാർക്കറ്റ് എന്ന പേരിലും ഈ മാർക്കറ്റുകൾ അറിയപ്പെടുന്നുണ്ട്.

 ഇ-നാമിന്റെ ഗുണങ്ങൾ

 ഇലക്ട്രോണിക് ബുക്ക് കീപ്പിംഗ്

 വ്യാപാരത്തിൽ സുതാര്യത

 വില നിരീക്ഷണവും നിയന്ത്രണവും

 സാമ്പത്തിക ചോർച്ച കുറയ്ക്കൽ

 ശരിയായ ഡാറ്റ മാനേജ്മെന്റ്

 ഇടനിലക്കാരെ ഒഴിവാക്കാം

 ഉത്പന്നങ്ങൾ നേരിട്ട് വിപണികളിലെത്തിക്കാം

 കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ഉപകാരപ്രദമായ 'ഇനാം" പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കം അന്വേഷിക്കണം. സാങ്കേതിക ക്രമീകരണങ്ങൾ സജ്ജമാക്കുന്നത് വരെ പഴയത് പോലെ ലേലം നടത്തണം

മുല്ലശേരി ദേവകുമാർ

പ്രസിഡന്റ്, കർഷക മോർച്ച

നിയോജക മണ്ഡലം കമ്മിറ്റി