
കൊല്ലം: തയ്യൽ കടയിൽ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന്റെ കണ്ണ് കല്ലുകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഒപ്പമുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തെക്കേവിള സൗഹൃദാനഗർ എ.കെ.ജി ജംഗ്ഷന് സമീപം കൊച്ചുവീട്ടിൽ കണ്ണനാണ് (20) പിടിയിലായത്. ഞായറാഴ്ച രാത്രി ഏഴോടെ മാടൻനട ലെവൽ ക്രോസിന് സമീപമായിരുന്നു സംഭവം. തെക്കേവിള കെ.ടി.എൻ നഗർ 206 നെടിയഴിയം വീട്ടിൽ മുഹമ്മദ് നസ്റത്തിനെയാണ് (19) കണ്ണനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്.
തുണിയടങ്ങിയ കവറുമായി വീട്ടിലേക്ക് പോകുകയായിരുന്ന നസ്റത്തിനെ തടഞ്ഞുനിറുത്തിയ ശേഷം കവർ ആവശ്യപ്പെട്ടു. കവർ തുറന്നുകാട്ടാതിരുന്നപ്പോൾ കവറിൽ കഞ്ചാവാണോയെന്ന് ചോദിച്ച് കല്ലുകൊണ്ട് നസ്റത്തിന്റെ കണ്ണ് ഇടിച്ച് തകർത്തു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നസ്റത്ത് ചികിത്സയിലാണ്. കണ്ണന്റെ പേരിൽ നിലവിൽ മൂന്ന് വധശ്രമവും കഞ്ചാവ് വിൽപ്പനയും ഉൾപ്പെടെ ആറോളം കേസുകളുണ്ട്.
ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളത്തിൽ നിന്ന് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കണ്ണനെ എസ്.ഐമാരായ എ.പി.അനീഷ്, ബിനോദ് കുമാർ, ദീപു, വനിതാ എസ്.ഐ നിത്യാസത്യൻ, ജി.എസ്.ഐ ജയകുമാർ, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, എ.എസ്.ഐ ദിനേഷ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.