
തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസുകളുൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ ടിക്കറ്റ് ചാർജ് നിരക്ക് കെ.എസ്.ആർ.ടി.സി കുറയ്ക്കുന്നു. സ്കാനിയ, എ.സി ഹൈടെക്, വോൾവോ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് ബസുകളുടെ നിരക്കാണ് ചൊവ്വ,ബുധൻ,വ്യാഴം ദിവസങ്ങളിൽ കുറയ്ക്കുന്നത്. ഈ ബസുകളുടെ ടിക്കറ്ര് ചാർജ് നിരക്ക് 25 മുതൽ 30 ശതമാനം വരെ കൊവിഡ് കാലത്ത് വർദ്ധിപ്പിച്ചിരുന്നു. വർദ്ധിപ്പിക്കുന്നതിനു മുമ്പുള്ള നിരക്കാണ് നാളെ മുതൽ നിലവിൽ വരുന്നത്. യാത്രക്കാർ കുറവായതും സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സിയെക്കാൾ താഴ്ന്ന നിരക്കിൽ സർവീസ് നടത്തുന്നതുമാണ് കാരണം.
കൊവിഡ് വ്യാപനത്തിനു ശേഷം നാമമാത്രമായാണ് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഉത്സവ സീസണുകളിലും അവധി ദിവസങ്ങളിലും കെ.എസ്.ആർ.ടി.സിക്ക് ഫ്ലക്സി നിരക്ക് ഈടാക്കാൻ അനുവാദമുണ്ട്. അതനുസരിച്ചാണ് ഈ നിരക്ക് മാറ്റവും. കുറഞ്ഞ ടിക്കറ്ര് ചാർജിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കും.