
വർക്കല: വർക്കല റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ വർക്കലയിലും പരിസര പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായി കിടക്കുന്ന നീരുറവകൾ, കുളങ്ങൾ, ജലാശയങ്ങൾ എന്നിവ ശുചീകരിച്ചു ഉപയോഗപ്രദമാക്കി നൽകുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഞെക്കാട് കുളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ സുധീർ ജബാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് അസി. ഗവർണർ എം. പ്രദീപ്കുമാർ, മുൻ പ്രസിഡന്റ് ജി. വിജയകുമാർ, ട്രഷറർ വി. ശശികുമാർ, ക്ലബ് അംഗങ്ങളായ ജി. ബാബു, അബ്ദുൾ കരീം, അയന്തി ശ്രീകുമാർ, അനൂപ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.