kr-narayan

കെ.ആർ. നാരായണനും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ഡോ. കെ.എൻ. രാജുമായുണ്ടായിരുന്ന സൗഹൃദം പ്രശസ്തമാണ്. അതേക്കുറിച്ച് ഡോ. രാജിന്റെ മകനും പത്രപ്രവർത്തകനുമായ എൻ. ഗോപാൽ രാജ് ഓർമ്മിക്കുന്നു.

--------------------------------------------------

അച്ഛനും നാരായണൻ മാമനുമായുള്ള സൗഹൃദത്തിന്റെ ആഴമറിയാൻ ഈ കുറിപ്പിനൊപ്പമുള്ള ചിത്രം മതി. പദ്‌‌മവിഭൂഷൺ സ്വീകരിച്ച ശേഷം രാഷ്ട്രപതിക്കൊപ്പം ഒഫിഷ്യൽ ഫോട്ടോഗ്രാഫ് എടുക്കുന്ന പതിവുണ്ട്. അന്ന് ആ ഫോട്ടോ എടുക്കുമ്പോൾ നാരായണൻ മാമൻ അച്ഛന്റെ കൈപിടിച്ചാണ് നിൽക്കുന്നത്. പ്രോട്ടോകോൾ നോക്കിയാൽ രാഷ്‌ട്രപതി അങ്ങനെ കൈപിടിച്ചു നിൽക്കാൻ പാടില്ല. പക്ഷേ,​ അപ്പോൾ അവർ രാഷ്ട്രപതി കെ.ആർ. നാരായണനും സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ. രാജുമല്ല; പദവി​കൾക്കപ്പുറം ഉറ്റചങ്ങാതി​മാരായി​രുന്നു.

ലണ്ടനിൽ വച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം സജീവമാകുന്നതെന്നാണ് ഓർമ്മ. ലണ്ടൻ സ്കൂൾ ഒഫ് എക്കണോമി​ക്സി​ലെ വി​ദ്യാർത്ഥി​കളായി​രുന്നു ഇരുവരും. അച്ഛൻ എക്കണോമി​ക്സും നാരായണൻ മാമൻ പൊളി​റ്റി​ക്കൽ സയൻസും. അവിടത്തെ ഒരു അവധി​ക്കാലയാത്രയ്‌ക്കിടെ നാരായണൻ മാമൻ കുമാരനാശാന്റെ കവിത ചൊല്ലിയത് അച്ഛൻ പറഞ്ഞിട്ടുണ്ട്. വി.കെ. കൃഷ്ണമേനോന്റെ ഇന്ത്യാ ലീഗിന്റെ ഭാഗമായിരുന്നു ഇരുവരും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി, ഇന്ത്യ എന്തുകൊണ്ട് സ്വാതന്ത്ര്യം നേടണമെന്ന് അവർ ബോധവത്കരണം നടത്തിയിരുന്നു.

രണ്ടു പ്രൊഫഷനിലേക്ക് മാറിയതൊന്നും അവരുടെ സൗഹൃദത്തെ ബാധിച്ചില്ല. കുടുംബങ്ങൾ തമ്മിലും ആ അടുപ്പം തുടർന്നു. നാരായണൻ മാമൻ ചൈനയിലും ടർക്കിയിലും അംബാസഡർ ആയപ്പോൾ അച്ഛൻ അവിടെയൊക്കെ ചെന്നു താമസിച്ചിട്ടുണ്ട്. മാമൻ അമേരിക്കൻ അംബാസഡറായിരുന്നപ്പോൾ അച്ഛനും അമ്മയും ഞാനും സഹോദരനുമെല്ലാം കൂടി പോയിട്ടുണ്ട്. ഉഷ ആന്റി (കെ.ആർ. നാരായണന്റെ പത്നി)​ മാമനെപ്പോലെതന്നെ സ്നേഹസമ്പന്നയായിരുന്നു. മക്കളായ ചിത്രയും അമൃതയും അതേ സൗഹൃദം പുലർത്തി. ചിത്ര മാമനെപ്പോലെ ടർക്കിയിൽ അംബാസഡറായി. മാമൻ താമസിച്ച അതേ ബിൽഡിംഗിലാണ് ടർക്കിയിൽ താമസിച്ചതെന്ന് ചിത്ര പറഞ്ഞത് ഓർമ്മയുണ്ട്.

നാരായണൻ മാമനെക്കുറിച്ച് ചുരുക്കിപ്പറയാനാവില്ല. ജെന്റിൽ പേഴ്സൺ. ഒരിക്കലും ശബ്ദമുയർത്തി സംസാരിച്ചു കേട്ടിട്ടില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും,​ പറയുന്നത് മൃദുസ്വരത്തിലായിരിക്കും. ദൃഢമായ കാഴ്ചപ്പാട്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യും.

ഞാൻ ബാംഗ്ളൂരിൽ സയൻസ് കറസ്‌‌പോണ്ടന്റ് ആയിരിക്കുമ്പോൾ ഡൽഹിയിൽ പലവട്ടം പോകേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ ഞാൻ ചെല്ലുന്നില്ലെന്ന് ഉഷ ആന്റി അമ്മയെ വിളിച്ച് പരിഭവം പറയുമായിരുന്നു. ഞാൻ,​ ഒൗദ്യോഗിക ആവശ്യമെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടും. ഉപരാഷ്ട്രപതിയായിരിക്കെ മാമൻ കേരളത്തിൽ വന്നപ്പോൾ പ്രോട്ടോകോൾ ഒന്നും നോക്കാതെ അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു. അവരുടെ സൗഹൃദത്തിന് എന്തു പ്രോട്ടോകോൾ? പദ്മവിഭൂഷൺ സ്വീകരിക്കാൻ അച്ഛനും അമ്മയും കൂടി ദിസവങ്ങൾക്കു മുമ്പേ ചെന്ന് രാഷ്ട്രപതിഭവനിൽ താമസിച്ചു. ഞാൻ പോയത് തലേന്നാണ്. നാരായണൻ മാമന്റെ മരണവാർത്തയറി‍ഞ്ഞ് അച്ഛൻ പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഒാർമ്മയുണ്ട്.

(ഹിന്ദു ദിനപത്രത്തിന്റെ സയൻസ് കറസ്‌പോണ്ടന്റ് ആയിരുന്ന ഗോപാൽ രാജ് കേരളകൗമുദി ലേഖകനോട് പറഞ്ഞത്)