vidya

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് പുലർച്ചെ തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാരംഭവും പൂജയെടുപ്പും ആരംഭിച്ചു. അപൂർവമായി എത്തിയ മഹാനവമിയുടെ രണ്ട് ദിനങ്ങൾ ഭക്തിനിർഭരമായിയിരുന്നു. പൂജവയ്പ്പുള്ള ക്ഷേത്രങ്ങളിലെല്ലാം ഭക്തർ നവരാത്രി തൊഴുത് സായൂജ്യം തേടി. ദുർഗാഷ്ടമിയായ വെള്ളിയാഴ്ച തുടങ്ങി രണ്ടു ദിവസവും വിവിധ ക്ഷേത്രങ്ങളിലും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും ദർശനത്തിന് പുലർച്ചെ മുതൽ ഭക്തജനത്തിരക്കായിരുന്നു. കുടുംബത്തോടെ എത്തി സരസ്വതിയെ തൊഴുത ഭക്തർ ആര്യശാലയിലും ചെന്തിട്ടയിലെയും ക്ഷേത്രങ്ങളിൽ പൂജയ്ക്കിരുത്തിയ നവരാത്രി വിഗ്രഹങ്ങളെയും വണങ്ങി.

എല്ലായിടത്തും പൊലീസിന്റെ സുരക്ഷയും നിയന്ത്രണവുമുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഇന്നലെ വൈകിട്ടോടെ ഏർപ്പെടുത്തിയിരുന്നു. സാധാരണ 800 ഓളം കുട്ടികളെ എഴുത്തിനിരുത്തിയിരുന്ന നവരാത്രിമണ്ഡപത്തിൽ ഇക്കുറി കുറച്ചുപേർക്ക് മാത്രമായി ചടങ്ങ് പരിമിതപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജാരിമാർ കുട്ടികളെ എഴുത്തിനിരുത്തുന്നില്ല. മറ്റ് ക്ഷേത്രങ്ങളിലും ശാന്തിക്കാർ നേതൃസ്ഥാനത്തു നിന്ന് ചടങ്ങുകൾക്ക് നിർദ്ദേശം നൽകും. ആറ്റുകാൽ ഭഗവതിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ഗാന്ധാരിഅമ്മൻ കോവിൽ, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് രാവിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്.

വീടുകളിലും എഴുത്തിനിരുത്ത്

കൊവിഡ് കാരണം ഇത്തവണ വീടുകളിലാണ് കൂടുതലായും പൂജവയ്പ് നടന്നത്. 23ന് അഷ്ടമി നാളിൽ പൂജവച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസവും രാവിലെയും വൈകിട്ടും വീട്ടുകാർ തന്നെ വിഗ്രഹങ്ങളെ പൂജിച്ചിരുന്നു. ഇന്നുരാവിലെയാണ് വീടുകളിലും പൂജയ്ക്ക് ശേഷം പുസ്തകങ്ങൾ തിരികെയെടുക്കുക. ചില വീടുകളിൽ എഴുത്തിനിരുത്ത് നടത്തും. അച്ഛന്റെയോ വീട്ടിലെ മറ്ര് മുതിർന്നവരുടെയോ മടിയിലിരുന്നാണ് ഇത്തവണ കുട്ടികൾ വീട്ടിൽ തന്നെ ആദ്യാക്ഷരം കുറിക്കുന്നത്. രാവിലെ 7.30ന് മുമ്പ് തന്നെ ചടങ്ങുകൾ ആരംഭിക്കും.

സരസ്വതി യാത്ര ഇന്നില്ല

വിജയദശമി കഴി‌ഞ്ഞ് 28നാണ് നവരാത്രി വിഗ്രഹങ്ങൾ തിരികെ യാത്രയാകുക. ഇന്ന് മുന്നൂറ്രി നങ്കയും കുമാരസ്വാമിയും സരസ്വതിയെ കൂട്ടാൻ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെത്തുമെങ്കിലും സരസ്വതി യാത്ര തിരിക്കില്ല. ഇതോടെ ഇവർ തരിച്ച് ചെന്തിട്ടയിലേക്കും ആര്യശാലയിലേക്കും പോകും. 28നാണ് ഇവർ വീണ്ടും പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെത്തുക. തുടർന്ന് മൂവരും തിരികെ യാത്ര തിരിക്കും.