
തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ള പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ അഴിമതി കേസാണ് സി.ബി.ഐയെ എതിർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
കരാറുകാരായ യൂണിടാക്കിന്റെ ഉടമകളെ പ്രതിചേർത്ത കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ സി.ബി.ഐക്കെതിരെ കോടതിയിൽ പോയത്. കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള എഫ്.സി.ആർ ഉൾപ്പെടെയുള്ള കേസുകളിൽ ഒരു തടസവും സൃഷ്ടിക്കാൻ സംസ്ഥാനത്തിനാവില്ല. ഡൽഹി സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് അന്വേഷണം ആവശ്യമാണെന്ന് തോന്നുന്ന കേസുകൾ സി.ബി.ഐ ഏറ്റെടുക്കുന്നത്. യൂണിയൻ ലിസ്റ്റിലുള്ള കേസുകൾ അന്വേഷിക്കാനുള്ള പരിപൂർണ അധികാരം സി.ബി.ഐയ്ക്കുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും സി.ബി.ഐക്ക് കേസ് അന്വേഷിക്കാം. കേരളത്തിൽ സി.ബി.ഐയെ എതിർക്കുന്നവർ ദേശീയതലത്തിൽ അതിനെ അനുകൂലിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി നടത്തിയ ചർച്ച ഗൗരവതരമാണ്. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യബന്ധം രാഹുൽ ഗാന്ധിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുരളീധരൻ ചോദിച്ചു.