pic

ജേഷ്ഠാനുജൻമാർ എന്നതിനേക്കാൾ സുഹൃത്തുക്കളെ പോലെയാണ് താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും തമ്മിലുള്ള ആത്മബന്ധം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പല സിനിമകളിലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സംവിധായകർക്കും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, പൃഥ്വിയുമായി ബന്ധപ്പെട്ട സൈനിക സ്കൂൾകാലത്തെ ഓർമ്മ പങ്കുവയ്ക്കുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഇന്ദ്രജിത്ത് പഴയ ഓർമ പങ്കിട്ടത്. "പൃഥ്വിയും ഞാനും സ്കൂളിൽ ലൈറ്റ് മ്യൂസിക്ക് കോമ്പറ്റീഷന് ഇടയ്ക്കിടെ പങ്കെടുക്കുമായിരുന്നു. ഒരിക്കൽ സ്കൂളിൽ ജൂനിയർ വിഭാഗത്തിൽ പൃഥ്വിയും സീനിയർ വിഭാഗത്തിൽ ഞാനും പങ്കെടുത്തു. ഞങ്ങൾ രണ്ടാളും ഒരേ പാട്ടാണ് പാടിയത്. പെഹ്ലാ നശാ പെഹ്ലാ ഹുമാ എന്ന പാട്ട്. രണ്ടു വിഭാഗത്തിലായി രണ്ടു പേർക്കും ഫസ്റ്റ് കിട്ടി. പൃഥ്വി പാടിയത് ഫുൾ തെറ്റായിരുന്നു, ലിറിക്സ് ഒന്നും ശരിയല്ല. പക്ഷേ വളരെ കോൺഫിഡൻസിലാണ് പാടിയത്. പെർഫോമൻസ് കണ്ടു നിൽക്കുമ്പോൾ പാടുന്നതൊക്കെ ശരിയാണെന്നു തോന്നും. അതുപോലുള്ള പെർഫോമൻസായിരുന്നു," ഇന്ദ്രജിത്ത് പറയുന്നു. പൃഥ്വിരാജിനെ ഓർക്കുമ്പോൾ ഏത് പാട്ടാണ് മനസിലേക്ക് വരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഇന്ദ്രജിത്ത്. പാട്ടിനോട് വളരെ ചെറുപ്പം മുതൽ ഇഷ്ടമുള്ള പൃഥ്വിയും ഇന്ദ്രജിത്തും സിനിമയിലും പാടി താരമായവരാണ്. ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥനയും പാട്ടുപ്രേമിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പാടിയ പ്രാർത്ഥന ബോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ്.ആദ്യമായാണ് പ്രാർത്ഥന ബോളിവുഡിൽ പാടുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്‌രെ' എന്ന പാട്ടാണ് പ്രാർത്ഥന പാടിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതസംവിധായകൻ. പ്രാർത്ഥനയുടെ പാട്ടിനെ അഭിനന്ദിച്ച് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.