crime-case1

പാറശാല: മാരകായുധങ്ങളുമായി വീട് ആക്രമിച്ച കേസിൽ മൂന്ന് പേർകൂടി അറസ്റ്റിലായി. കേസിലെ രണ്ടാംപ്രതി മുര്യങ്കര ഇലങ്കം റോഡിൽ വീട്ടുവിള മണികണ്ഠവിലാസം വീട്ടിൽ അച്ചു എന്ന അരുൺരാജ് (25), മൂന്നാം പ്രതി മുര്യങ്കര സമുദായപ്പൊറ്റ പാലക്കുഴി വീട്ടിൽ റെജി (24), അഞ്ചാം പ്രതി നെടുവാൻവിള ഇലിപ്പാൻമൂട് ക്ഷേത്രത്തിന് സമീപം പാറയിൽ വീട്ടിൽ അരുൺകുമാർ (24) എന്നിവരാണ് പാറശാല പൊലീസിന്റെ പിടിയിലായത്.

22ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മുര്യങ്കര ചിറക്കുളത്തിന് സമീപം മിഥുന്റെ വീടാണ് ഒൻപതുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. പ്രതികളുടെ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും മിഥുൻ പൊലീസിന് വിവരം നൽകിയതായുള്ള തെറ്റിദ്ധാരണയെ തുർന്നായിരുന്നു ആക്രമണം.

അരുൺ മോഷണം, കഞ്ചാവ് വില്പന എന്നിവ ഉൾപ്പെടെ 18 കേസുകളിലെ പ്രതിയും റെജി പാറശാലയിലും മറ്റ് സ്റ്റേഷൻ പരിധികളിലുമുള്ള മോഷണക്കേസുകളിലും പ്രതിയാണ്. പാറശാല സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ അരുൺകുമാർ, പ്രമോദ്, സി.പി.ഒമാരായ ജോജിൻ രാജ്, രെജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.