
ഉള്ളൂർ: മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (37) ആണ് ടോയ്ലെറ്റിൽ തൂങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2ന് ഹൈകെയർ വാർഡിലാണ് സംഭവം. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. 15ന് നടത്തിയ കൊവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. എന്നാൽ മാനസിക ആരോഗ്യം വീണ്ടെടുക്കാതിരുന്നതിനെ തുടർന്ന് ഡിസ്ചാർജിന് മുമ്പ് കൗൺസിലിംഗിന് വിധേയമാക്കാമെന്ന് അധികൃതർ പറഞ്ഞിരുന്നു.
ഇന്നലെ ഇയാൾ ഉച്ചയോടെ മൂത്രപ്പുരയിൽ കയറി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ജീവനക്കാർ കതകിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് കതക് പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടനെ സർജിക്കൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ സഹോദരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നുവെന്നും അതിൽ തീർത്തും അസ്വസ്ഥനായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 മാസത്തിനിടെ 4-ാമത്തെ ആത്മഹത്യയാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോകോൾ അനുസരിച്ച് വിട്ടുകൊടുക്കും.
കഴക്കൂട്ടം പോങ്ങറ സ്വപ്നാഭവനിൽ രവിയുടെയും സരോജനിയുടെയും മകനാണ് ഓട്ടോറിക്ഷ ഡ്രൈവറായ ബിജി. ഭാര്യ സോമിദരാജ്. മകൾ അനാമിക.