
തിരുവനന്തപുരം: കട കുത്തി തുറന്ന് മോഷണം നടത്താനുള്ള നീക്കത്തിനിടെ മോഷ്ടാക്കളുടെ സംഘത്തെ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കുയിൽ ബൈജു എന്ന കാരോട് പുല്ലാറ്റുവിള അയണിക്കൽ പഴഞ്ഞി വീട്ടിൽ ബൈജു (41), നെയ്യാറ്റിൻകര കവളാകുളം ആർ.വി ഭവനിൽ പാച്ചൻ എന്ന രതീഷ് (32), വെൺപകൽ മണലിവിള പത്മവിലാസത്തിൽ മനു എന്ന മനോജ് (33), എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തത്. ബൈജുവിന്റെ നേതൃത്വത്തിലുളള സംഘം മോഷണത്തിന് പദ്ധതി തയ്യാറാക്കി ചെമ്പഴന്തിയിലെ ബേക്കറിക്ക് സമീപം രാത്രി ഇരുട്ടിൽ പതുങ്ങിയിരിക്കുകയായിരുന്നു. സംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ മൂന്നുപേരെ പൊലീസ് പിന്തുടർന്ന് പിടികൂടി. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. വാതിൽ കുത്തിപ്പൊളിക്കുന്നതിനായി കരുതിയിരുന്ന കമ്പിപ്പാരയും പിടിച്ചെടുത്തു. ഇവരിൽ നിന്നും കണ്ടെടുത്ത അഞ്ച് മൊബൈൽ ഫോണുകളിലൊന്ന് ശ്രീകാര്യം മീശമുക്കിലെ കടയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഞ്ചിയൂർ, പേരൂർക്കട, തമ്പാനൂർ, മ്യൂസിയം, പേട്ട തുടങ്ങിയ സ്റ്റേഷനുകളിൽ ബൈജുവിനെതിരെ കേസുകളുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ സുരേഷ് ബാബു, ഗോപകുമാർ, സി.പി.ഒമാരായ സജാദ്, അൻസിൽ, അരുൺ, സുജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.